CinemaGeneralMollywoodNEWS

സത്യൻ അന്തിക്കാടിന്‍റെ കരിയറിലെ വലിയ നഷ്ടം ‘പിന്‍ഗാമി’ പരാജയപ്പെട്ടതല്ല അത് മറ്റൊന്നാണ്: വേറിട്ട കുറിപ്പുമായി പ്രേക്ഷകന്‍

അങ്ങനെ ചമയം സത്യന്റെ കരിയറിലെ ആദ്യത്തെ ദുഃഖമായി അവശേഷിച്ചു

സത്യന്‍ അന്തിക്കാട് എന്ന സംവിധായകന് തന്റെ കരിയറില്‍ സംഭവിച്ച ഏറ്റവും വലിയ നഷ്ടം അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യാന്‍  ആഗ്രഹിച്ച സിനിമയായിരുന്നുവെന്ന് പ്രേക്ഷകന്റെ തുറന്നു പറച്ചില്‍. സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റിലാണ് സത്യന്‍ അന്തിക്കാടിന്റെ ആദ്യത്തെ സ്വപ്ന സിനിമയെക്കുറിച്ച് രാഹുല്‍ മാധവന്‍ എന്ന പ്രേക്ഷകന്‍ പങ്കുവെച്ചത്. സത്യന്‍ അന്തിക്കാടിന്റെ വലിയ നഷ്ടങ്ങളില്‍ ഒന്ന് പിന്‍ഗാമിയുടെ പരാജയമല്ലെന്നും അത് അദ്ദേഹത്തിന്റെ നടക്കാതെ പോയ ആദ്യ സിനിമയാണെന്നും രാഹുല്‍ പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.

രാഹുല്‍ മാധവന്‍ എന്ന പ്രേക്ഷകന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സത്യൻ അന്തിക്കാടിന്റെ കരിയറിലെ ഒരു നഷ്ടം എന്താണെന്ന് ചോദിച്ചപ്പോൾ എന്റെ ഒരു ഫ്രണ്ട് പറഞ്ഞത് പിൻഗാമി പൊട്ടിയത് എന്നാണ്. പക്ഷേ ശരിക്കും അതല്ല അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രം നടക്കാതെ പോയതുംതന്നെയാണ് വലിയ നഷ്ടം. ആദ്യമായി സംവിധാനം ചെയ്യാൻ പല ചാൻസും സത്യന് ലഭിച്ചെങ്കിലും നല്ലൊരു കഥക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. അങ്ങനെ ജോൺപോൾ ഒരു തിരക്കഥ ഒരുക്കുകയായിരുന്നു.ചിത്രത്തിന് ചമയം എന്ന് പേരിട്ടു. ശാസ്ത്രീയ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ മെനഞ്ഞെടുത്ത ഒരു ത്രികോണ പ്രണയകഥ. നായകന്മാരായി തിരഞ്ഞെടുത്തത് കമലഹാസനും നെടുമുടിയും. നായിക അംബിക. പ്രൊഡ്യൂസർ മജീന്ദ്രൻ എന്നയാളായിരുന്നു. ആനന്ദകുട്ടൻ ക്യാമറ നിർവഹിച്ച ഈ പടത്തിന്റെ ആദ്യ സീനുകൾ ഷൂട്ട്‌ ചെയ്തതിന് ശേഷം അതിന്റെ റഷസ് കാണാൻ നിർമാതാവിനെ കാത്തിരുന്ന സത്യനും കൂട്ടർക്കും കിട്ടിയ ന്യൂസ്‌ പ്രൊഡ്യൂസർ മരണപ്പെട്ടു എന്നതാണ്. അതോടെ ആ പടം മടങ്ങുകയായിരുന്നു.അങ്ങനെ ചമയം സത്യന്റെ കരിയറിലെ ആദ്യത്തെ ദുഃഖമായി അവശേഷിച്ചു.

ഇനി അദ്ദേഹം പ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനം അല്ലെങ്കിൽ ഒരു ലാഭം എന്താണെന്ന് നോക്കാം. സത്യൻ പടങ്ങൾ പൂർണമാവണമെങ്കിൽ അദ്ദേഹത്തിന്റെ സ്ഥിരം തിരക്കഥാകൃത്തുക്കൾ ആവശ്യമാണെന്ന് പറയാറുണ്ട്. ശ്രീനിവാസൻ, ലോഹിതദാസ്, രഘുനാഥ് പലേരി, ജോൺപോൾ അങ്ങനെ ചിലർ. രസതന്ത്രത്തിന്റെ കഥ രൂപം പ്രാപിച്ചപ്പോൾ അതിന്റെ തിരക്കഥക്കായി സത്യൻ ഈ കൂട്ടരെയെല്ലാം സമീപിച്ചിരുന്നു. പക്ഷേ ആർക്കും സമയം ഉണ്ടായില്ല അല്ലെങ്കിൽ ഏതോ അസൗകര്യം കാരണം അവർ വന്നില്ല. അങ്ങനെ സത്യൻ തന്നെ 24 വർഷത്തിൽ ആദ്യമായി തിരക്കഥ എഴുതാൻ തീരുമാനിച്ചു. ആ സമയത്താണ് നടൻ മുകേഷ് ഒരു ബോംബ് പൊട്ടിക്കുന്നത്. താൻ സ്വജാതി ആയതുകൊണ്ടാണ് സത്യൻ അന്തിക്കാട് തന്നെ ഇതുവരെയും ഒരു പടത്തിൽ പോലും വിളിക്കാത്തത് എന്ന് മുകേഷ് ഒരു ചടങ്ങിൽ പറഞ്ഞു. സത്യത്തിൽ അപ്പോഴാണ് സിനിമാലോക ത്തിന് ആ കാര്യം അറിയുന്നത്. ഇത്രയും സീനിയർ ആയ സംവിധായാകനും നടനും ഒരിക്കൽ പോലും ഒന്നിച്ചില്ല എന്നത് ശരിക്കും ഞെട്ടലുണ്ടാക്കി.അങ്ങനെയാണ് സത്യൻ രസതന്ത്രത്തിൽ മുകേഷിന് അതിഥിവേഷം നൽകുന്നത്. തിരക്കഥ എന്ന നിലയിൽ രസതന്ത്രം മികച്ച ഒന്നല്ലായിരുന്നു. അത് സത്യനും അറിയാം.അങ്ങനെ അദ്ദേഹം തന്റെ അടുത്ത തിരക്കഥ വളരെ ശക്തമായ ഒന്നാക്കാനും അതിൽ മുകേഷിന് മികച്ചൊരു റോൾ മനഃപൂർവം എഴുതുകയുമായിരുന്നു. അതാണ് അന്ന് നല്ല റോളുകൾ ഒന്നുമില്ലാതെയിരുന്ന മുകേഷിന്റെ ഷാജിരാഘവൻ എന്ന വിനോദയാത്രയിലെ കഥാപാത്രം. നായികക്കാണ് പടത്തിൽ പ്രാധാന്യം എങ്കിലും ദിലീപിനേക്കാൾ സ്കോർ ചെയ്തത് മുകേഷ് ആയിരുന്നു. പെർഫെക്ട് ആയ തിരക്കഥ കൂടിയായിരുന്നു വിനോദയാത്ര. ചോട്ടാ മുംബൈ, ബിഗ്ബി എന്നീ ചിത്രങ്ങളോട് മത്സരിച് തിയേറ്ററിൽ സൂപ്പർഹിറ്റായി എന്ന് മാത്രമല്ല ഇരട്ടിമധുരം എന്നപോലെ ആ വർഷത്തെ ബെസ്റ്റ് തിരക്കഥക്കുള്ള സ്റ്റേറ്റ് അവാർഡ് സത്യൻ അന്തിക്കാട് നേടി എന്നതും ശ്രദ്ധാർഹമാണ്. ഇതാണ് സത്യത്തിൽ അദ്ദേഹം പോലും പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനം. ശേഷം അതുപോലൊരു നല്ല തിരക്കഥ അദ്ദേഹത്തിന് ഒരുക്കാൻ ഇതുവരെ കഴിഞ്ഞില്ല എന്നതും സത്യമാണ്.

shortlink

Related Articles

Post Your Comments


Back to top button