മലയാള സിനിമയിലെ യുവ നായിക നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് അന്ന ബെന്‍. മികച്ച സിനിമകളുടെ തെരെഞ്ഞെടുപ്പിലൂടെ കയ്യടി നേടുന്ന അന്ന പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ഹിറ്റായി മാറിയതുമായ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയാണ് അന്ന ബെന്‍ തുടക്കം കുറിക്കുന്നത്. ബേബി മോള് എന്ന കഥാപാത്രമായി ആദ്യ സിനിമയില്‍ തന്നെ ഗംഭീര അഭിപ്രായം സ്വന്തമാക്കിയ അന്ന ബെന്‍ ആ സിനിമയിലേക്ക് വരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.
‘വീട്ടിൽ സിനിമയുള്ളതു കൊണ്ടാകാം എനിക്കും ഈ മേഖലയോട് ഇഷ്ടം തോന്നിയത്. പഠിക്കുന്ന കാലത്തെ സിനിമയുടെ ഭാഗമാകണമെന്ന മോഹം മനസ്സിലുണ്ടായിരുന്നു. പക്ഷേ അതിനു വേണ്ടി ശ്രമിച്ചു തുടങ്ങിയത് അടുത്തിടെയാണ്. ആഷിഖ് ചേട്ടന്റെ ഇൻസ്റ്റ ഗ്രാം പോസ്റ്റ് കണ്ടതാണ് നിമിത്തമായത്. അത് കണ്ടിട്ടാണ് ‘കുമ്പളങ്ങി നൈറ്റ്സിന്റെ’ കാസ്റ്റിംഗ് കോളിലേക്ക് മെയിൽ അയയ്ക്കുന്നത്. കിട്ടുമെന്ന് കരുതിയില്ല അതുകൊണ്ട് തന്നെ വീട്ടിൽ പറയാതെയാണ് അയച്ചത്. പക്ഷേ രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ എനിക്കും വന്നു ഒരു ഫോൺകോൾ. ഒടുവിൽ വീട്ടിൽ കാര്യം പറഞ്ഞു അപ്പോഴാണ് അവരൊക്കെ അറിയുന്നത് ഓഡിഷന് ഞാൻ അപേക്ഷിച്ചുവെന്ന്. .പപ്പയോട് പറഞ്ഞപ്പോൾ കിട്ടിയില്ലെങ്കിൽ വിഷമിക്കരുത് എന്നൊക്കെ പറഞ്ഞാണ് വിട്ടത്. നാല് റൗണ്ട് ഓഡിഷനായിരുന്നു. ബേബി മോൾ ഹിറ്റായപ്പോൾ വീട്ടിൽ എല്ലാവരും ഹാപ്പിയായി .സെലക്റ്റ് ആയതിനു ശേഷമാണ് പേഴ്സണൽ ഡീറ്റെയിൽസ് ചോദിക്കുന്നത്. അപ്പോഴാണ് ബെന്നി പി നായരമ്പലത്തിന്റെ മകളാണെന്ന് അറിയുന്നത്.’ അപ്പോൾ ദീലീഷേട്ടനൊക്കെ ഭയങ്കര സർപ്രൈസായി .. ഒടുവിൽ അവർ പപ്പയെ വിളിച്ചു . പപ്പയ്ക്ക് നല്ല ടെൻഷനുണ്ടായിരുന്നു ‘നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അവൾ ചെയ്യോ എന്നൊന്നും എനിക്കറിയില്ല’ എന്നായിരുന്നു പപ്പ പറഞ്ഞ മറുപടി’.
Post Your Comments