CinemaGeneralMollywoodNEWS

കോളേജ് പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ ഗൂര്‍ഖയായി അഭിനയിക്കാന്‍ ലാലിന് മടിയുണ്ടായിരുന്നു: സത്യന്‍ അന്തിക്കാട്

ഗൂര്‍ഖയുടെ അഭ്യാസമുറ കണ്ടു കോളനിക്കാര്‍ അമ്പരന്നു നില്‍ക്കുന്നതാണ് ഷോട്ട്

ആക്ഷന്‍ സിനിമകള്‍ ചെയ്തു കൊണ്ടായിരുന്നു മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം തന്റെ തുടക്ക കാലങ്ങളില്‍ നിറഞ്ഞു നിന്നത്. ശശികുമാര്‍ സംവിധാനം ചെയ്ത പത്താമുദയവും ഡെന്നിസ് ജോസഫ് തമ്പി കണ്ണാന്തനം ടീമിന്റെ രാജാവിന്റെ മകനുമൊക്കെ മോഹന്‍ലാലിന്‍റെ ആദ്യകാല ആക്ഷന്‍ സിനിമകളായിരുന്നു. അവിടെ നിന്ന് സോഫ്റ്റ് ഫാമിലി സബ്ജക്റ്റ് പോലെയുള്ള സിനിമകളും മോഹന്‍ലാല്‍ സ്വീകരിക്കാന്‍ തുടങ്ങി. സന്മനസ്സുള്ളവര്‍ക്ക് സമധാനവും, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റുമൊക്കെ ആ ഗണത്തിലുള്ള സിനിമകളാണ്.സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമായിരുന്നു മോഹന്‍ലാലിന് അത്തരം സിനിമകള്‍ നല്‍കിയിരുന്നത്. ‘രാജാവിന്റെ മകന്‍’ പോലെയുള്ള സിനിമകളില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു മോഹന്‍ലാല്‍ തന്റെ സിനിമയായ ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റില്‍ അഭിനയിക്കാന്‍ വന്നിരുന്നതെന്നും അപ്പോള്‍ മോഹന്‍ലാലിനുണ്ടായ ഒരു ചമ്മലിന്റെ കഥയെക്കുറിച്ചും സത്യന്‍ അന്തിക്കാട് തുറന്നു പറയുകയാണ്.

‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്’ എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ മോഹന്‍ലാല്‍ ഒരു സീനില്‍ ഗൂര്‍ഖയുടെ വേഷമൊക്കെ ഇട്ടുവന്നു കോളനിക്കാരെ ഞെട്ടിക്കണം. ഗൂര്‍ഖയുടെ അഭ്യാസമുറ കണ്ടു കോളനിക്കാര്‍ അമ്പരന്നു നില്‍ക്കുന്നതാണ് ഷോട്ട്. ഷൂട്ടിംഗ് കാണാന്‍ നിരവധിപേരുണ്ടായിരുന്നു. ആ കൂട്ടത്തില്‍ കുറച്ചു കോളേജ് പെണ്‍കുട്ടികള്‍ വന്നിരുന്നു. പെണ്‍കുട്ടികള്‍ ലാലിനെ തന്നെ നോക്കി നിന്നു. ഷോട്ട് എടുക്കും മുന്‍പ് മോഹന്‍ലാല്‍ എന്റെ അടുത്തുവന്നു പറഞ്ഞു. ‘ഇത് ഇപ്പോള്‍ എടുക്കണോ?’ മോഹന്‍ലാലിന്‍റെ മുഖത്തെ ചമ്മല്‍ ആ സമയം എനിക്ക് വ്യക്തമായിരുന്നു. ലാല്‍ അന്ന് ‘രാജാവിന്റെ മകന്‍’ പോലെയുള്ള സിനിമകളില്‍ അഭിനയിച്ച് കത്തി നില്‍ക്കുന്ന സമയമായിരുന്നു, ‘അതിനെന്താ പ്രശ്നം ധൈര്യമായി ചെയ്തോളൂ’, എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ സ്റ്റാര്‍ട്ട് പറഞ്ഞതും മോഹന്‍ലാല്‍ ഗൂര്‍ഖയുടെ വേഷത്തില്‍ തകര്‍ത്തഭിനയിച്ചു’

shortlink

Related Articles

Post Your Comments


Back to top button