ബോക്സ് ഓഫീസില്‍ വലിയ വിജയം സ്വന്തമാക്കിയില്ലെങ്കിലും ദിലീപ് നായകനായ പാണ്ടിപ്പട ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട കോമഡി സിനിമകളുടെ ലിസ്റ്റില്‍ മുന്‍നിരയിലുണ്ട്. ഹരിശ്രീ അശോകന് ദിലീപ് കൊച്ചിന് ഹനീഫ ത്രയം പഞ്ചാബി ഹൗസിന് ശേഷം നിറഞ്ഞു കളിച്ച ഒരു ചിത്രം കൂടിയായിരുന്നു പാണ്ടിപ്പട. പക്ഷെ ഇവര്‍ക്കൊക്കെ പുറമേ ചിത്രത്തില്‍ സൂപ്പര്‍ താരമായത് തമിഴിലെ മറ്റൊരു സൂപ്പര്‍ ഹീറോയായ പ്രകാശ് രാജ് . സിനിമയില്‍ നായക തുല്യമായ വേഷം ചെയ്ത പ്രകാശ് രാജിനെക്കുറിച്ച് ഹരിശ്രീ അശോകന് ആ പഴയ പാണ്ടിപ്പട വിശേഷങ്ങളിലേക്ക് പ്രേക്ഷകരെ മടക്കി കൊണ്ട് പോകുകയാണ്. പാണ്ടിപ്പടയുടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ചീട്ടു കളിച്ച രസകരമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് ഹരിശ്രീ അശോകന്.
‘പാണ്ടിപ്പട’യുടെ ലൊക്കേഷനില്‍ പ്രകാശ് രാജ് എന്നെയും ഇന്ദ്രന്സിനെയുമൊക്കെ ചീട്ടു കളിക്കാന്‍ വിളിക്കും. അദ്ദേഹം തെന്നിന്ത്യയിലെ വലിയ നടനായത് കൊണ്ട് ഒപ്പം ചെന്നിരുന്നു ചീട്ടു കളിക്കുന്നത് വലിയ മടിയുള്ള കാര്യമായിരുന്നു. അതുകൊണ്ട് ഞാനും ഇന്ദ്രന്‍സും അദ്ദേഹത്തില്‍ നിന്ന് മുങ്ങി നടക്കും. എന്നാലും ഞങ്ങളെ കണ്ടു കഴിഞ്ഞാല്‍ പിന്നെ ചീട്ടു കളിക്കാതെ വിടില്ല. പൈസയ്ക്കാണ് കളി. ഒരു ദിവസം അങ്ങനെ ചീട്ടു കളിച്ച് അദ്ദേഹത്തിന്റെ എണ്ണായിരം രൂപ ഞാന്‍ എന്റെ പോക്കറ്റിലാക്കി. അടുത്ത ദിവസം അദ്ദേഹം സെറ്റിലെത്തിയപ്പോള്‍ ഓരോരുത്തരും അദ്ദേഹത്തോട് ചോദിക്കാന്‍ തുടങ്ങി ‘ഇന്നലെ അശോകനുമായി ചീട്ടു കളിച്ച് സാറിന്റെ പൈസ പോയോ?’ മറുപടി പറഞ്ഞു പറഞ്ഞു പ്രകാശ് രാജ് സാര്‍ കുഴഞ്ഞു. ഒടുവില്‍ മൈക്ക് എടുത്ത് ഞാനുമായി ചീട്ടു കളിച്ച് പൈസ പോയ വിവരം ഉച്ചത്തില്‍ പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം ഷൂട്ടിനു റെഡിയായത്’. ഹരിശ്രീ അശോകന് പറയുന്നു.
Post Your Comments