തെന്നിന്ത്യന്‍ ഹിറ്റ് സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിങ് സെറ്റില്‍ ക്രെയിന്‍ തകര്‍ന്ന് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ നടന്‍ കമല്‍ഹാസനും നിര്‍മാതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്ന നടന്റെ ആവശ്യം നിരസിച്ച നിര്‍മാതാക്കള്‍, നടനും സംവിധായകനും അപകടത്തിന്റെ ഉത്തരവാദിത്തമുണ്ടെന്ന പരസ്യ പ്രസ്താവനയുമായി രംഗത്തെത്തി.
ഇന്ത്യന്‍ 2 നിര്‍മാണ ചെലവ് സംബന്ധിച്ചു നടന്‍ കമല്‍ഹാസനും നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്‌ഷനും തമ്മില്‍ നേരത്തെയും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അപകടത്തിനു പിന്നാലെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നിര്‍മാതാക്കള്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് കമല്‍ പരസ്യമായി ആവശ്യപ്പെട്ടു. ഇതിനു മറുപടിയായിട്ടാണ് ലൈക്ക പ്രൊഡക്‌ഷന്‍സ് രംഗത്തെത്തിയിരിക്കുന്നത്.
”കമല്‍ഹാസന്റെയും സംവിധായകന്‍ ശങ്കറിന്റെയും പൂർണനിയന്ത്രണത്തിലാണ് ഷൂട്ടിങ് പുരോഗമിച്ചിരുന്നത്. എല്ലാ സുരക്ഷ മുന്‍കരുതലുകളും എടുത്തിരുന്നു. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങൾ നല്‍കുന്നുണ്ട്. അപകടത്തില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. അപകടമുണ്ടായതിനുശേഷം കമ്പനി കൈക്കൊണ്ട നടപടികള്‍ താരത്തിന്റെ ശ്രദ്ധയില്‍ വരാത്തത് നിര്‍ഭാഗ്യകരമാണെന്നും” പത്ര പ്രസ്താവനയിൽ നിര്‍മ്മാതാക്കള്‍ പറയുന്നു.
അപകടത്തില്‍ സംവിധായകന്‍ ശങ്കര്‍ പൊലീസിനു മുമ്പാകെ ഹാജരായി മൊഴി നല്‍കി. കമൽ ഹാസനും അടുത്ത ദിവസം അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുമെന്നാണ് സൂചന .
Post Your Comments