‘എന്നെയൊന്ന് കൊന്ന് തരുമോ?’ എന്ന് ചോദിച്ച് ഹൃദയഭേദകമായൊരു ഏങ്ങിക്കരച്ചിലിലൂടെ നന്മവറ്റാത്ത ഓരോരുത്തരുടേയും മനസ്സുകളിലേക്കാണു ക്വാഡന് ബെയ്ൽസ് നടന്നു കയറിയത്. ഉയരക്കുറവിന്റെ പേരിൽ സ്കൂളിൽ പരിഹാസം നേരിട്ട ഓസ്ട്രേലിയയിൽ നിന്നുള്ള ക്വാഡന്റെ സങ്കടം കേട്ടതില്‍ പിന്നെ അവനും അമ്മ യറാഖ ബെയ്ൽസുമാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച വിഷയം. നിരവധി പേരാണ് ക്വാഡന് പിന്തുണയുമായി രംഗത്തെത്തിയത്. ഇതിനിടെ മലയാളി താരം ഗിന്നസ് പക്രു ക്വാഡന് പിന്തുണച്ച് പങ്കുവെച്ച കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇതേ വിഷയത്തില്‍ മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം
ഗിന്നസ് പക്രുവിന്റെ വാക്കുകള്‍ ഇങ്ങനെ :
ക്വാഡന്റെ സങ്കടം കണ്ടപ്പോൾ എനിക്കും ചെറിയൊരു കുറിപ്പ് എഴുതണമെന്ന് തോന്നി. ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് ആ കുറിപ്പ് ചെന്നെത്തി. നിരവധി പേര് എന്നെ ഫോണില്‍ വിളിച്ചു. ഒരുപാട് പേർ അങ്ങനെ ചെയ്തത് നന്നായി എന്ന് പറഞ്ഞു. കുട്ടിക്കാലത്ത് ക്വാഡനെപ്പോലെ ഞാനും കരഞ്ഞിട്ടുണ്ട്.
ചെറിയ ചെറിയ കളിയാക്കലുകൾ അന്നത്തെക്കാലത്ത് വലിയ ഫീലിംഗ് ആയി തോന്നുകയും, അത് വളരെ സങ്കടത്തോടെ തന്നെ അമ്മയോട് ചെന്ന് പറയുകയും ചെയ്തിരുന്നു. അത് സാരമില്ല, നിന്നെ കളിയാക്കുന്നവരെ നീ മൈൻഡ് ചെയ്യണ്ട എന്ന് അമ്മ പറയും. അവരുടെ മുന്നിൽ വലിയ ആളായി കാണിക്കണമെന്ന ഒരു ഊർജ്ജം അമ്മ തന്നു. അതാണ് എനിക്ക് കരുത്തായിട്ട് തോന്നിയത്. അതുകൊണ്ടാണ് നീ തോക്കുമ്പേ, നിന്റെ അമ്മയാണ് തോൽക്കുന്നതെന്ന് ആ പോസ്റ്റിൽ ഞാൻ പ്രത്യേകം പറഞ്ഞത്.
കേരളത്തില്‍ നിരവധി ക്വാഡന്മാരുണ്ട്. ചെറിയ ചെറിയ ബലഹീനതയില്‍ വിഷമിച്ച് കളിയാക്കലുകളില്‍ ഉള്ളം നൊന്ത ഒരു പാട് കുട്ടികളുണ്ട്. നിങ്ങള്‍ അത് ചെയ്യരുത്. അവര്‍ക്ക് ആത്മബലം നല്‍കണം. നിരവധി കുട്ടികളുടെ മാതാപിതാക്കള്‍ എന്നെ വിളിക്കാറുണ്ട്. അങ്ങനെയുള്ള മൂന്നു നാലു കുട്ടികളെ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. അവര്‍ക്കെല്ലാം ക്വാഡന്റെ പ്രശ്നങ്ങളായിരുന്നു. എവിടെയും സ്വീകാര്യത കിട്ടുന്നില്ല. മറ്റു കുട്ടികള്‍ മാറ്റിനിര്‍ത്തുന്നു. തക്കം കിട്ടുമ്പോഴെല്ലാം കളിയാക്കുന്നു. ശാരീരികമായി ഉപദ്രവിക്കുന്നു. കൊച്ചുകുട്ടികളല്ലേ, അവര്‍ക്ക് പെട്ടെന്ന് വിഷമം വരും.
ക്വാഡന് പറയുന്നതുപോലെ എന്നെ ഒന്ന് കൊന്നുതരാമോ എന്ന അവസ്ഥ അവര്‍ക്ക് തോന്നും. അത് എങ്ങനെ മാറ്റാന്‍ പറ്റും എന്ന് ചിന്തിച്ചപ്പോള്‍ തോന്നിയ കാര്യമാണ് ഇവിടെ ഷെയര്‍ ചെയ്യാന്‍ പോകുന്നത്. അധ്യാപകര്‍ വളരെ അധികം ശ്രദ്ധിക്കുക. സ്കൂളില്‍ ഏതെങ്കിലും ഒരു ചെറിയ ബുദ്ധിമുട്ടുള്ള കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചറിയാന്‍ ശ്രമിക്കണം. മറ്റു കുട്ടികളോട് അവന് കരുതല്‍ നല്കാന് പറയണം. മാതാപിതാക്കളുമായി ചേര്‍ന്ന് അവനെ മറ്റു കുട്ടികള്‍ക്കൊപ്പമോ അവര്‍ക്കു മുകളിലേക്കോ കൊണ്ടുവരാന്‍ ശ്രമിക്കണം.
അമ്മമാരോട് പറയാനുള്ളത് വയ്യാത്ത കുട്ടികളെയോര്‍ത്ത് നിങ്ങള്‍ കരയരുത്. അപമാനം ഏല്ക്കുന്നതിനേക്കാള് അവനെ മുറിവേല്‍പ്പിക്കുന്നത് അവന്റെ മുന്നില്‍വെച്ച് അമ്മ കരയുന്നതായിരിക്കും. നിങ്ങള്‍ കരയരുത്. അവന് വേണ്ട ഊര്‍ജവും പ്രോത്സാഹനവും കൊടുക്കുക. എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
Post Your Comments