GeneralLatest NewsMollywood

മകൾ അഹാനയ്ക്ക് ഉണ്ടായ മോശം അനുഭവത്തിൽ പ്രതികരിച്ച് നടൻ കൃഷ്ണകുമാർ

പലരും ഇതിൽ പ്രതികരിക്കാറില്ല. വേദന ഉള്ളിൽവച്ച് പോകുകയാണ് ചെയ്യുന്നത്. ഇനി വേറൊരാൾക്ക് ഇതുപോലെ ബുദ്ധിമുട്ടുണ്ടാകരുത്. ഇവർ പറയുന്ന തീരുമാനങ്ങൾ വച്ചാണോ നമ്മൾ യാത്ര ചെയ്യേണ്ടത്

കൊച്ചിയിൽ വച്ച് ഊബര്‍ ഡ്രൈവറില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി നടി അഹാന കൃഷ്ണകുമാര്‍ വെളിപ്പെടുത്തിയത് വലിയ ചര്ച്ചയാകുകയാണ്. അമ്മയ്ക്കൊപ്പം ഷോപ്പിംഗ്‌ മാളില്‍ നിന്നുമുള്ള തിരിച്ചുള്ള യാത്രയ്ക്കായി യൂബര്‍ വിളിച്ചപ്പോള്‍ ഡ്രൈവര്‍ മോശമായി പെരുമാറിയെന്നും ആ കാറിന്റെ നമ്പര്‍ സഹിതം ആഹാന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് നടനും അഹാനയുടെ അച്ഛനുമായ കൃഷ്ണകുമാര്‍ രംഗത്ത്. ഇന്ത്യയിലെ ഊബർ സംവിധാനം ആകെ തകിടം മറിഞ്ഞെന്ന് കൃഷ്ണകുമാർ പറഞ്ഞു. ‘ഈ അടുത്ത കാലത്തായി എത്രമോശക്കാരനെയും ഇതില്‍ ജോലിക്ക് കയറ്റി പൈസ ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം, ജോലിക്കെടുന്നവരെക്കുറിച്ച് എന്തെങ്കിലും ഇവർ അന്വേഷിക്കുന്നുണ്ടോ എന്നുപോലും അറിയില്ല.’ കൃഷ്ണകുമാർ പറയുന്നു.

‘ഇപ്പോഴത്തെ ഊബർ ബുക്കിങിൽ വലിയൊരു കുഴപ്പമുണ്ട്. നമ്മൾ വണ്ടിക്കായി ബുക്ക് ചെയ്യുമ്പോൾ ഊബർ ഡ്രൈവർമാർ തന്നെ അത് കാൻസൽ ചെയ്യുന്ന പരിപാടിയുണ്ട്. നമ്മൾ വണ്ടിക്കായി വെറുതെ കാത്തിരിക്കും, കാൻസൽ ആയാൽ വീണ്ടും ബുക്ക് ചെയ്യണം. അഹാന സ്ഥിരമായി കാർഡ് ആണ് ഊബർ ബുക്കിങിനായി ഉപയോഗിക്കുന്നത്. കാർഡിന്റെ ഓപ്‌ഷൻ കൊടുത്ത് വണ്ടി ബുക്ക് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടായത്. ഇതൊരു സ്ഥിരം പരിപാടിയായി മാറുകയാണ്.

‘ഒരു വണ്ടി ബുക്ക് ചെയ്യുമ്പോൾ അവർ അതിൽ പറഞ്ഞ കാര്യങ്ങൾക്കൊക്കെ ഉത്തരം കൊടുത്തിട്ടാണ് ബുക്ക് ചെയ്യുക. വണ്ടിയിൽ കയറിയാൽ നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയാണ് അവർ ചെയ്യേണ്ടത്. എല്ലാ ഊബർ ഡ്രൈവർമാരും മോശക്കാരെന്നല്ല. ഊബർ തുടങ്ങിയ കാലത്ത് വൃത്തിയുള്ള വണ്ടി, പക്വതയുള്ള ഡ്രൈവർമാർ എല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനല്ല, ഈ അടുത്ത കാലത്ത് എത്രമോശക്കാരനെയും ഇതില്‍ ജോലിക്ക് കയറ്റി പൈസ ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമായി. ഇവരെക്കുറിച്ചൊക്കെ എന്തെങ്കിലും അന്വേഷിച്ചിട്ടാണോ കയറ്റുന്നതെന്നുപോലും അറിയില്ല. കാരണം അത്രയ്ക്ക് മോശം ആളുകളെയാണ് ഇവർ ജോലിക്കു വയ്ക്കുന്നത്.

‘പലരും ഇതിൽ പ്രതികരിക്കാറില്ല. വേദന ഉള്ളിൽവച്ച് പോകുകയാണ് ചെയ്യുന്നത്. ഇനി വേറൊരാൾക്ക് ഇതുപോലെ ബുദ്ധിമുട്ടുണ്ടാകരുത്. ഇവർ പറയുന്ന തീരുമാനങ്ങൾ വച്ചാണോ നമ്മൾ യാത്ര ചെയ്യേണ്ടത്. അങ്ങനല്ല വേണ്ടത്. ഇനി മറ്റൊരു കാര്യം കൂടി. ഇതിൽ നിന്നും ഇറങ്ങാൻ നേരം ഇവർ പറയുന്നൊരു കാര്യമുണ്ട്, ‘സാറേ ഫൈവ് സ്റ്റാർ റേറ്റിങ് ഇടണേ’.

‘എത്രമോശം വണ്ടിയായാലും ആ പയ്യനോടു തോന്നുന്ന സഹതാപത്തിൽ കൂടുതൽ ആളുകളും 5 സ്റ്റാർ ഇട്ടുകൊടുക്കും. വിദേശത്ത് ഇരിക്കുന്ന ഊബർ കമ്പനി നോക്കുമ്പോൾ ഇന്ത്യയിൽ ഒരു പ്രശ്നവുമില്ല, കൂടുതൽ ഡ്രൈവർമാർക്കും ഫൈവ് സ്റ്റാർ. നമ്മൾ ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ പോയാൽ അവിടെ 2 സ്റ്റാർ ആണ് ഏറ്റവും കൂടിപ്പോയാൽ കൊടുക്കുക. അങ്ങനെ വരുമ്പോൾ ഇനിയും നന്നാക്കണം, എങ്കിൽ മാത്രമാണ് അവിടെ നിലനിൽപുള്ളൂ എന്ന ചിന്ത വരും. പക്ഷേ ഇന്ത്യയിൽ കുഴപ്പമില്ല എല്ലാം ഫൈവ് സ്റ്റാർ. ഇവിടെ ഒന്നും പുതുതായി ചെയ്യേണ്ടതില്ല. ഇനി നമ്മൾ ചെയ്യേണ്ടത് ഇത്തരക്കാർക്ക് ഒരു സ്റ്റാർ മാത്രമാണ് കൊടുക്കാൻ പാടുള്ളൂ. അപ്പോൾ ഇവർ തനിയെ താഴെ വരും. പുതിയ പദ്ധതികൾ കൊണ്ടുവരും. നമ്മൾ ഒറ്റക്കെട്ടായി ഇതിൽ പ്രതികരിക്കണം.’–കൃഷ്ണകുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button