വ്യക്തിപരമായ അടുപ്പം കൊണ്ട് ലാല്‍ ജോസ് എന്ന സംവിധായകന് തന്റെ സിനിമകളിലേക്ക് ചില താരങ്ങളെ കാസ്റ്റ് ചെയ്യാറുണ്ട്. സിനിമയ്ക്ക് പുറത്തും ലാല്‍ ജോസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ബിജു മേനോന്. അത് കൊണ്ട് തന്നെ ലാല്‍ ജോസിന്റെ ആദ്യ ചിത്രം മുതല്‍ ഇപ്പോള്‍ അവസാനം എത്തി നില്ക്കുന്ന ചിത്രം വരെ ബിജു മേനോനെ ലാല്‍ ജോസ് എന്ന സംവിധായകന് നന്നായി അടയാളപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിക്ക് ശേഷം ആരെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് താന്‍ അന്ന് ബിജു മേനോനെ കണ്ടിരുന്നതെന്ന് ലാല്‍ ജോസ് തുറന്നു പറയുകയാണ്. ദിലീപും ബിജുവും സൂപ്പര്‍ താരമാകുമെന്ന് പണ്ടേ പറയുമായിരുന്നുവെന്നും ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ലാല്‍ ജോസ് പറയുന്നു.
‘കമല്‍ സാറിന്റെ സിനിമയായ അഴകിയ രാവണന്, അതില്‍ ഞങ്ങള്‍ക്ക് ബിജുമേനോനെ കിട്ടുകയാണ്. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കുന്നതിലും അപ്പുറമായിരുന്നു. അന്ന് മമ്മുക്കയുടെ പിന്‍ഗാമിയായിട്ടാണ് ഞങ്ങള്‍ ബിജുവിനെ കണ്ടത്. ഞാനന്ന് തമാശയായി പറയും. ‘ദിലീപും ബിജുവും സൂപ്പര്‍ സ്റ്റാറുകളാകും. അങ്ങനെയായാല്‍ എനിക്ക് പേടിക്കേണ്ട. സ്ക്രിപ്റ്റ് റെഡിയായാല്‍ വന്ന് അഭിനയിക്കെടാ എന്ന് പറഞ്ഞാല്‍ മതിയല്ലോ’. അഴകിയ രാവണനില്‍ ബിജുവിന്റെ അസോസിയേറ്റിന്റെ വേഷം ഞാന്‍ അഭിനയിച്ചു. അതില്‍ ഇന്നസെന്റ് ചേട്ടന് ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് ഞാനാണ്. ‘ഒരു മറവത്തൂര്‍ കനവ്’ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന സിനിമയാണ്. മമ്മുക്കയുടെ അനുജനായി ബിജുവിനെ കാസ്റ്റ് ചെയ്തു. പിന്നെ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’, ‘രണ്ടാം ഭാവം’, ‘പട്ടാളം’, ഇപ്പോള്‍ ‘നാല്‍പ്പത്തിയൊന്ന്’ വരെ’.
Post Your Comments