മലയാള സിനിമയിലെ യുവ നടന്മാരിൽ ശ്രദ്ധയനായ താരമാണ് ഫഹദ് ഫാസിൽ. ഫഹദിന്റെ സിനിമ കണ്ടിറങ്ങുന്നവർക്ക് സുരാജ് വെഞ്ഞാറമൂട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ പറഞ്ഞ ഡയലോഗ് ഓർമവരും. ‘നിങ്ങളെന്ത് മനുഷ്യനാണ്’ എന്നത്. ഇപ്പോഴിതാ ഫഹദിന്റെ പുതിയ ചിത്രമായ ട്രാൻസ് കണ്ടിറങ്ങുന്നവരും ഇതുതന്നെ ആവർത്തിക്കുന്നു. ഇയാളെ എന്തൊരു നടനാണ് കള്ളനായും സൈക്കോയായും ആൾദൈവമായും ഫഹദ് നിറഞ്ഞാടുകയാണ്. അത്തരത്തിൽ ചിത്രം കണ്ടിറങ്ങിയശേഷം സന്ദീപ് ദാസ് എന്ന വ്യക്തി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ആരാധകർക്കിടയിൽ
ശ്രദ്ധ നേടുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം………………………..
അൻവർ റഷീദിൻ്റെ ‘ട്രാൻസ് ‘ എന്ന സിനിമയ്ക്ക് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ ഫഹദ് ഫാസിൽ തൻ്റെ വേഷം ഗംഭീരമാക്കിയെന്ന് സിനിമ കണ്ട പ്രേക്ഷകരെല്ലാം ഒരേസ്വരത്തിൽ പറയുന്നു ! അസാമാന്യപ്രതിഭകളിൽ മാത്രം കണ്ടുവരുന്ന ഒരു സവിശേഷതയാണത്.സിനിമയുടെ സ്വഭാവം എന്തായാലും ചില അഭിനേതാക്കൾ വേറിട്ടുനിൽക്കും.
ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്താണ് ഫഹദിൻ്റെ ആദ്യ സിനിമയായ ‘കൈയ്യെത്തും ദൂരത്ത്’ റിലീസായത്.ആ സിനിമയും ഫഹദിൻ്റെ അഭിനയവും ഒട്ടും ഇഷ്ടപ്പെട്ടില്ല.പിന്നീട് അയാൾ എങ്ങോ അപ്രത്യക്ഷനായി.
ഏഴുവർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ഫഹദ് തിരിച്ചുവന്നു.പക്ഷേ അയാളുടെ സിനിമകൾ കാണാൻ എനിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു.ഫഹദ് മഹാമോശം നടനാണെന്ന മുൻവിധി എൻ്റെ മനസ്സിൽ അത്രമേൽ ഉറച്ചുപോയിരുന്നു.
ഫഹദിനെ നായകനാക്കി ‘ഡയമണ്ട് നെക്ലെയ്സ് ‘ എന്ന ചിത്രം ലാൽജോസ് അനൗൺസ് ചെയ്തപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിപ്പോയത്.പ്രഗൽഭനായ ഫിലിംമേക്കറുടെ സ്വബോധം നഷ്ടപ്പെട്ടുവോ എന്നുവരെ സംശയിച്ചുപോയി ! അത്തരം ജല്പനങ്ങൾ ലാൽജോസിൻ്റെ ചെവിയിലും എത്തിയിട്ടുണ്ടാവണം.വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണം അദ്ദേഹം പറഞ്ഞു-
”പുതുതലമുറയിൽ പകരംവെയ്ക്കാനില്ലാത്ത നടനാണ് ഫഹദ് ഫാസിൽ.ആരുടെയും സിംഹാസനത്തിൽ കയറിയിരിക്കാനല്ല അയാളുടെ ശ്രമം.തൻ്റേതായ ഒരു ശൈലി കണ്ടെത്തണം എന്നാണ് ഫഹദിൻ്റെ മോഹം….”
ലാൽ ജോസിൻ്റെ വാക്കുകളുടെ ബലത്തിലാണ് ഞാൻ ’22 ഫീമെയ്ൽ കോട്ടയം’ കണ്ടത്.ആ ഒറ്റ സിനിമകൊണ്ട് ഞാൻ ഫഹദ് എന്ന നടൻ്റെ ആരാധകനായി മാറി !
ഗംഭീരനടൻ എന്ന യാഥാർത്ഥ്യത്തേക്കാൾ സിനിമയോടുള്ള ഫഹദിൻ്റെ സമീപനമാണ് എന്നെ അത്ഭുതപ്പെടുത്തിയത്.വിഗ്ഗ് ഉപയോഗിക്കാതെ കഷണ്ടി കയറിത്തുടങ്ങിയ തലയുമായി അയാൾ വന്നു.വില്ലനായും സ്ത്രീലമ്പടനായും അഭിനയിക്കാൻ യാതൊരു മടിയും ഇല്ലായിരുന്നു.കുടുംബപ്രേക്ഷകരുടെ പിന്തുണ നഷ്ടമാകും എന്ന ഭയത്തിൽ ബെഡ്റൂം സീനുകളോട് മുഖംതിരിച്ചതുമില്ല.ഇപ്പോൾ ഇതെല്ലാം സാധാരണ കാര്യങ്ങളായി തോന്നിയേക്കാം.പക്ഷേ അന്ന് അതൊരു വിപ്ലവം തന്നെയായിരുന്നു.
ബാംഗ്ലൂർ ഡെയ്സിൻ്റെ കൂടുതൽ രംഗങ്ങളിലും ഹീറോ പരിവേഷത്തിൽ നിൽക്കുന്നത് ദുൽഖർ സൽമാനാണ്.അവിടെ ഫഹദ് ഈഗോ കാണിച്ചില്ല.
പാർവ്വതിയുടെ സിനിമയാണ് ടേക്ക് ഒാഫ്.ഫഹദ് എത്തുന്നത് വളരെ വൈകിയാണ്.നായികയ്ക്കുമുമ്പിൽ തൻ്റെ പ്രാധാന്യം കുറഞ്ഞുപോയി എന്ന് പരിതപിക്കാൻ ഫഹദിന് താത്പര്യമില്ലായിരുന്നു.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിൽ ഫഹദ് മോഷ്ടാവായിരുന്നു.സകല പൊലീസുകാരും കുനിച്ചുനിർത്തി ഇടിക്കുന്ന കള്ളൻ ! വില്ലൻ്റെ തല്ലുകൊണ്ട് മുണ്ടുരിഞ്ഞുപോകുന്ന നായകനെ നാം മഹേഷിൻ്റെ പ്രതികാരത്തിൽ കണ്ടു.പേടിത്തൊണ്ടനായ പ്രകാശനെ സത്യൻ അന്തിക്കാടും കാണിച്ചുതന്നു.
സൗബിൻ ഷാഹിറിൻ്റെ വഴികാട്ടിയാണ് ഫഹദ് എന്ന് പറയാം.സൗബിൻ നായകനായി അഭിനയിച്ച കുമ്പളങ്ങി നൈറ്റ്സിൽ വില്ലൻ വേഷം അവതരിപ്പിക്കാനും ഫഹദ് തയ്യാറായി.ഇതെല്ലാം ചെയ്യാൻ ഫഹദിനല്ലാതെ മറ്റാർക്കു കഴിയും!? സ്വന്തം ഇമേജിനെ ഇത്രമേൽ വകവെയ്ക്കാത്ത മറ്റൊരു നടനുണ്ടോ എന്ന് സംശയമാണ്.ഫഹദിന് കഥാപാത്രങ്ങൾ മാത്രമാണ് പ്രധാനം.
സിനിമയിൽ അഭിനയിക്കുന്നവരെല്ലാം കൊതിക്കുന്ന ഒന്നാണ് സൂപ്പർതാരപദവി.ഫഹദ് അവിടെയും വ്യത്യസ്തനാകുന്നു.ഫാൻസ് അസോസിയേഷൻ ഇല്ലാത്ത നടനാണ് അയാൾ.അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ”പിള്ളേര് പഠിക്കട്ടെ” എന്നാണ് ഫഹദ് അഭിപ്രായപ്പെട്ടത്.ആരംഭകാലം മുതൽക്ക് ഫഹദിൻ്റെ നിലപാട് അതായിരുന്നു.അല്ലാതെ പേരെടുത്തതിനുശേഷം ആദർശം വിളമ്പിയതല്ല.
എല്ലാം വഴങ്ങുന്ന നടനാണ് ഫഹദ്.ജന്മസിദ്ധമായ കഴിവുകൾക്കൊപ്പം കഠിനാദ്ധ്വാനം കൂടി ചെരുമ്പോൾ ഉണ്ടാവുന്ന റിസൾട്ട്.കാര്യമായ തയ്യാറെടുപ്പുകളൊന്നും ഇല്ലാതെയാണ് ഫഹദ് തൊണ്ടിമുതലിൽ അഭിനയിച്ചത്.എന്നിട്ടും ആ റോൾ അയാൾ അവിസ്മരണീയമാക്കി.ഇൻ്റർവെല്ലിന് തൊട്ടുമുമ്പുള്ള ആ കള്ളച്ചിരി മനസ്സിൽ നിന്ന് മായുമോ?
കഥാപാത്രങ്ങൾക്കുവേണ്ടി കഷ്ടപ്പെടാനും ഫഹദ് ഒരുക്കമാണ്.റിലീസാകാൻ പോകുന്ന ‘മാലിക് ‘ എന്ന ചിത്രത്തിനുവേണ്ടി ഫഹദ് 20 കിലോ ഭാരം കുറച്ചത് വലിയ വാർത്തയായിരുന്നു.ഫഹദിൻ്റെ അഭിനയത്തിന് അന്താരാഷ്ട്ര നിലവാരമുണ്ടെന്ന് ശിവകാർത്തികേയൻ അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്.ഒരുതവണ പരാജയപ്പെട്ടാൽ അത് ലോകാവസാനമല്ലെന്നും തേച്ചുമിനുക്കാത്ത പ്രതിഭകൊണ്ട് ഉപയോഗമില്ലെന്നും ഫഹദ് നമ്മെ പഠിപ്പിക്കുന്നു.
ഫഹദിൻ്റെ സിനിമകൾ കാണുന്ന പ്രേക്ഷകർക്ക് തൊണ്ടിമുതലിലെ സുരാജിൻ്റെ അവസ്ഥയാണ്.”നിങ്ങളെന്ത് മനുഷ്യനാണ്!?” എന്ന് കൂടെക്കൂടെ ചോദിച്ചുപോവും! ഫഹദിന് പ്രേക്ഷകരോട് സംവദിക്കാൻ തൻ്റെ കണ്ണുകൾ മാത്രം മതി.അവയുടെ ചൈതന്യം നഷ്ടപ്പെടാതിരിക്കട്ടെ !
കയ്പുനിറഞ്ഞ അരങ്ങേറ്റത്തിനുശേഷം ഫഹദ് സിനിമയിൽനിന്ന് മാറിനിന്നിരുന്ന സമയത്ത് സംവിധായകൻ ഫാസിൽ മനോരമ ന്യൂസിന് ഒരു അഭിമുഖം നൽകിയിരുന്നു.ഒരുപാട് പുതുമുഖങ്ങളെ സൂപ്പർതാരങ്ങളാക്കിയ ഫാസിലിന് സ്വന്തം മകനെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചില്ലല്ലോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ ഫാസിൽ ആത്മവിശ്വാസത്തോടെ പറഞ്ഞത് ”ഹീ വിൽ കം ബാക്ക് ” എന്നാണ് !
ആ മറുപടി മലയാളസിനിമയുടെ എെതിഹ്യത്തിൻ്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.ഫഹദ് തിരിച്ചുവന്നു.പ്രേക്ഷകമനസ്സുകളിൽ നിന്ന് ഇനിയൊരു മടങ്ങിപ്പോക്കുണ്ടാവില്ല.മറ്റൊരു അജ്ഞാതവാസത്തിന് ആ ചെറിയ വലിയ മനുഷ്യൻ ധൈര്യപ്പെടുകയുമില്ല !
Post Your Comments