ഡബ്ബ് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നുന്നതും ടെന്‍ഷന്‍ ഉണ്ടാക്കുന്നതും ഫാസില്‍ സംവിധാനം ചെയ്തിട്ടുള്ള സിനിമകള്‍ ആണെന്നും, പ്രിയദര്‍ശന്റെയും സത്യന്‍ അന്തിക്കാടിന്റെയും സിനിമ ചെയ്യുന്ന പോലെ നിസാരമല്ല ഫാസില്‍ എന്ന സംവിധായകന്റെ സിനിമ ചെയ്യുമ്പോഴെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ‘എന്റെ സൂര്യപുത്രിക്ക്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് അത് കൂടുതല്‍ മനസിലായതാണെന്നും ഭാഗ്യലക്ഷ്മി ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.
‘ ‘ദൈവത്തെയോര്‍ത്ത്’ എന്ന ഉര്‍വശിയുടെ ആദ്യ ചിത്രത്തില്‍ ഉര്‍വശിക്ക് ശബ്ദം നല്‍കിയത് ഞാനാണ്. പാര്‍വതിയുടെ ആദ്യ ചിത്രമായ ‘വിവാഹിതരെ ഇതിലെ ഇതിലെ’ എന്ന സിനിമയില്‍ പാര്‍വതിക്കും ആദ്യമായി ശബ്ദം നല്‍കാന്‍ കഴിഞ്ഞു. ഫാസില്‍ സാറിന്റെ ‘നോക്കെത്താദൂരത് കണ്ണുംനട്ട്’ എന്ന ചിത്രത്തില്‍ നദിയ മൊയ്തുവിനെ ആദ്യമായി അവതരിപ്പിച്ചപ്പോഴും എന്റെ ശബ്ദമായിരുന്നു ഉപയോഗിച്ചിരുന്നത്. ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള സംവിധായകരില്‍ ഏറ്റവും ബുദ്ധിമുട്ട് പാച്ചിക്കയുടെ സിനിമയില്‍ ഡബ്ബ് ചെയ്യാനായിരുന്നു. പ്രിയദര്‍ശന്റെയും സത്യേട്ടന്റെയും സിനിമകളില്‍ ഡബ്ബ് ചെയ്യുമ്പോള്‍ അത്രയും പ്രഷറില്ല നമുക്ക്, ഇഷ്ടമുള്ളത് പോലെ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ പാച്ചിക്ക അങ്ങനെയല്ല അദ്ദേഹത്തിന്റെ മനസ്സില്‍ ആ കഥാപാത്രം എങ്ങനെയാണോ സംസാരിക്കുന്നത് അത് തന്നെ മോണിറ്ററില്‍ കിട്ടണം. ‘എന്റെ സൂര്യപുത്രിക്ക്’ എന്ന സിനിമയുടെ ക്ലൈമാക്സ് പോര്‍ഷനില്‍ ഡബ്ബ് ചെയ്യാന്‍ അത്രയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സീനില്‍ ഡബ്ബിംഗ് പാളിയാല്‍ സിനിമ മൊത്തത്തില്‍ താഴെ വീഴും. എത്ര ചെയ്തിട്ടും ശരിയാകാതെ വന്നപ്പോള്‍ പാച്ചിക്ക നെഞ്ച് ഒക്കെ തടവി വല്ലാത്തൊരു അവസ്ഥയിലായിരുന്നു. എനിക്കും അത് കണ്ടപ്പോള്‍ വല്ലാത്ത ടെന്‍ഷനായി’.ഭാഗ്യ ലക്ഷ്മി പറയുന്നു.
Post Your Comments