ഇന്ത്യൻ ടുവിന്റെ ചിത്രീകരണത്തിനിടെ 3 പേർ മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ക്രയിൻ ഓപ്പറേറ്റർ രാജനാണ് അറസ്റ്റിലായത്.
ലൊക്കേഷനിൽ ക്രയിൻ മറിഞ്ഞ് വീണ് അതിനിടയിൽ പെട്ടാണ് 3 പേർ മരണമടഞ്ഞത്, ജാഗ്രത കുറവ് കാരണം അപകടമുണ്ടാക്കി എന്നതാണ് കേസ്. കൂടാതെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കും ഇയാൾക്കെതിരെ കേസെടുത്തു.
സഹസംവിധായകൻ കൃഷ്ണ, നിർമ്മാണ സഹായി മധു, ഭക്ഷണ വിതരണത്തിനെത്തിയ കൃഷ്ണ എന്നിവരാണ് ദാരുണമായി മരിച്ചത്. ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം നൽകുമെന്ന് കമൽഹാസൻ വ്യക്തമാക്കിയിരുന്നു.
മരണത്തിന്റെ നഷ്ടം നികത്താൻ ആർക്കുമാകില്ലെന്നും എന്റെ കുടുംബത്തിന് സംഭവിച്ച നഷ്ടമായി കണക്കാക്കുന്നുവെന്നും കമൽ പറഞ്ഞു. കൂടാതെ ഏതാനും സെക്കന്റുകളുടെ വ്യത്യാസത്തിലാണ് താനും മറ്റുള്ളവരും രക്ഷപ്പെട്ടതെന്നും കമൽ പറഞ്ഞു. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഇത്തരം സംഭവങ്ങളുടെ വേദന തനിക്ക് അറിയാമെന്നും കമൽ കൂട്ടിച്ചേർത്തു.
Post Your Comments