ആനക്കൊമ്പ് കൈവശം വച്ചതിന് നടൻ മോഹൻലാലിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ നീക്കം. വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് സർക്കാർ എൻ.ഒ.സി നൽകിയതായി ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. അതെ സമയം കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടി.
എന്നാൽ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും രണ്ട് അപേക്ഷകൾ ഇതിനോടകം തന്നെ താരം സമർപ്പിച്ചിരുന്നു. 2019 ഡിസംബര്‍ നാലിന് ഡിജിപിയോട് ഇത് സംബന്ധിച്ച നിയമോപദേശവും സര്‍ക്കാര്‍ തേടി. കേസ് പിന്‍വലിക്കാമെന്ന് നിയമോപദേശമാണ് ഡിജിപി നല്‍കിയത്. ഈ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്ക് ഈ മാസം ഏഴിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തയച്ചത്.
ഇതുമായി ബന്ധപ്പെട്ട് പബ്ലിക്ക് പ്രോസിക്യൂട്ടർക്കോ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർക്കോ നിർദ്ദേശം നൽകാൻ ചീഫ് സെക്രട്ടറി കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.പ്രോസിക്യൂട്ടര്‍ വഴി കോടതിയില്‍ അപേക്ഷ നല്കി കേസ് പിന്‍വലിക്കാനാണ് നീക്കം നടക്കുന്നത്. 2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.
Post Your Comments