നടന് ഷെയ്ന് നിഗമിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നതിന് നിര്‍മാതാക്കളുടെ സംഘടന തയ്യാറാകുന്നു. ചിത്രീകരണം മുടങ്ങിയ വെയില് എന്ന ചിത്രം ഉണ്ടാക്കിയ നഷ്ടം മനസിലാക്കി ബാക്കി പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന് ഷെയ്ൻ നിര്‍മാതാവിനും സംവിധായകനും കത്തു നല്കിയ സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ നിലപാട് മയപ്പെടുത്തിയത്. മുടങ്ങിയ മറ്റൊരു ചിത്രമായ ഖുര്‍ബാനി പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ചും ഷെയ്ന് നിലപാട് പറയണമെന്നും എങ്കില്‍ വിലക്ക് നീക്കുന്നത് പരിഗണിക്കാമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പറഞ്ഞു.
40 ലക്ഷം രൂപയാണ് ഷെയ്ന് വെയിലിനായി പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഇതില്‍ 24 ലക്ഷം ലഭിച്ചിട്ടുണ്ട്. ബാക്കി തുക ഉപേക്ഷിക്കാന്‍ തയാറാണെന്നും ചിത്രീകരണം മുടങ്ങുന്ന തരത്തില്‍ തന്റെ ഭാഗത്തു നിന്നുണ്ടായ സമീപനങ്ങളില്‍ തെറ്റുപറ്റിയിട്ടുണ്ടെന്നും ക്ഷമ ചോദിക്കുന്നതായും സംവിധായകന് ശരതിനും നിര്‍മാതാവ് ജോബി ജോര്‍ജിനും അയച്ച കത്തില്‍ ഷെയ്ന് പറഞ്ഞിരുന്നു. വെയില്, ഖുര്‍ബാനി, ഉല്ലാസം എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കളാണ് ഷെയ്നിന്റെ നിസഹകരണം മൂലം ചിത്രങ്ങള്‍ പൂര്‍ത്തിയായില്ലെന്ന് കാണിച്ച് നിര്‍മാതാക്കളുടെ സംഘടനയെ സമീപിച്ചത്. ഇതില്‍ ഉല്ലാസത്തിന്റെ ഡബ്ബിംഗ് മാത്രമാണ് പൂര്‍ത്തീകരിക്കാന്‍ ഉണ്ടായിരുന്നത്. ഇത് ഷെയ്ന് പൂര്‍ത്തിയാക്കി. മാര്‍ച്ചില്‍ ചിത്രം പുറത്തിറങ്ങും.
Post Your Comments