മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പരിഗണിക്കപ്പെട്ട ചിത്രമാണ് ‘ഹേ റാം’. കമൽഹാസൻ സംവിധാനം നിർവഹിച്ച് 2000-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയതും നിര്‍മിച്ചതും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചതും കമൽഹാസൻ തന്നെയായിരുന്നു.
ചിത്രം പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയായ അവസരത്തില്‍ ചിത്രത്തെ ഓർക്കുകയാണ് കമല്‍ഹാസന്‍. ഇത്തരത്തിലുള്ള ഒരു ചിത്രം ഒരുക്കിയതില്‍ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഹേ റാമിലൂടെ പങ്കുവച്ച ആശങ്കകളും മുന്നറിയിപ്പുകളും സത്യമാകുന്നതില്‍ ദുഃഖം തോന്നുന്നു. എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടി ഈ വെല്ലുവിളികളെ അതിജീവികണം. നമുക്ക് അതിന് സാധിക്കുമെന്നും കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.
വാണിജ്യപരമായി വിജയകരമായിരുന്നില്ലെങ്കിലും ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഹേ റാം. കമലഹാസന് പുറമെ ഷാരൂഖ് ഖാന്‍, അതുല്‍ കുല്‍ക്കര്‍ണി, റാണി മുഖർജി, ഹേമ മാലിനി, ഗിരീഷ് കര്‍ണാട്, വസുന്ധര ദാസ്, നസീറുദ്ദീന്‍ ഷാ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തി. ഇന്ത്യാവിഭജനത്തിന്റെയും വര്‍ഗ്ഗീയലഹളകളുടെയും ഗാന്ധിവധത്തിന്റെയും മറ്റും പശ്ചാത്തലത്തിലാണ് ഇതിലെ കഥ നടക്കുന്നത്. 2000-ല്‍ മൂന്ന് ദേശീയപുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.
Post Your Comments