ബിഗ് ബോസ് സീസണ്‍ 2ല്‍ ഏറ്റവും അധികം ആരാധക പിന്തുണയുള്ള മത്സരാർത്ഥിയാണ് രജിത് കുമാര്‍. നിരവധി വിഷയങ്ങളില്‍ പിഎച്ച്ഡി ഉള്ള രജിത് പക്ഷേ ഉന്നയിക്കുന്ന പല വാദങ്ങളും ശാസ്ത്രീയമല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മത ഗ്രന്ഥങ്ങളെ കൂട്ടുപിടിച്ചും ശാസ്ത്രീയ പദങ്ങള്‍ ഉപയോഗിച്ചുമെല്ലാം പല തെറ്റായ വാദങ്ങളും പിന്തിരിപ്പന്‍ ചിന്താഗതിയുമാണ് ഇയാള്‍ പ്രചരിപ്പിക്കുന്നത് എന്ന് മുമ്പ് തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ബിഗ് ബോസ് സീസണ്‍ 1ലെ വിജയിയും നടനുമായ സാബുമോന്‍ രജിത്തിന്റെ വാദങ്ങളോട് പ്രതികരണവുമായി രംഗത്തെത്തി. രജിതിന്റെ വാദങ്ങള്‍ സംബന്ധിച്ച് ചിലര്‍ തന്നോട് ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് താൻ മറുപടി പറയുന്നത് എന്ന് ഫേസ്ബുക് ലൈവിലൂടെ സാബു പറഞ്ഞു.
”എനിക്ക് ബയോളജിയില്‍ പിഎച്ച്ഡി ഇല്ല. ജീന്‍സ് ഇട്ടാല്‍ ജീനിനെ ബാധിക്കുമോ തുടങ്ങിയ ചോദ്യങ്ങളൊക്കെ കുറേപ്പേര്‍ എനിക്ക് അയയ്ക്കുന്നുണ്ട്. അങ്ങനെയൊക്കെ ആര് പറഞ്ഞാലും അത് മന്ദബുദ്ധിത്തരമാണെന്നാണ് എന്റെ അഭിപ്രായം. ജീന്‍സിലും ജീനിലും മലയാളത്തില്‍ പറയുമ്പോള്‍ ‘ജി’ മാത്രമേ പൊതുവായുള്ളൂ. അല്ലാതെ ഒരു പരസ്പര ബന്ധവുമില്ല. അല്‍പ്പജ്ഞാനം കൊണ്ടുവന്ന് പ്രചരിപ്പിക്കുന്നത് നിങ്ങള്‍ വിശ്വസിക്കരുത്. ഒരു ഷോ എന്ന നിലയില്‍ ഒരാളെ നിങ്ങള്‍ക്ക് പിന്തുണയ്ക്കാം. പക്ഷേ നിങ്ങളുടെ ആരാധനാമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ക്കകത്തുള്ള ശാസ്ത്രീയതയെക്കുറിച്ച് വളരെ വ്യക്തമായി ആലോചിച്ചിട്ട് മാത്രമേ വിശ്വസിക്കാവൂ. എഴുന്നേറ്റ് നിന്ന് ചോദിക്കാനുള്ള ധൈര്യം ഉണ്ടാവണം. ആ ധൈര്യത്തില്‍ നിന്നാണ് മലയാളി ഉണ്ടായിവന്നത്. അതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വേര്‍തിരിച്ച് നിര്‍ത്തുന്നത്’, സാബുമോന്‍ പറഞ്ഞു.
ഇക്കാര്യങ്ങള്‍ പറയുന്നതിന്റെ പേരിലെ സോഷ്യല്‍ മീഡിയാ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്നും നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടയാളാണ് താനെന്നും സാബുമോന്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് ഓട്ടിസവും അംഗവൈകല്യവുമെല്ലാം ഉണ്ടാകുന്നത് മാതാപിതാക്കളുടെ സ്വഭാവ സവിശേഷകള്‍ കാരണമാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ എന്നത് ചികിത്സിച്ചു മാറ്റേണ്ട അസുഖമാണെന്നും മാംസത്തിനായി ജീവജാലങ്ങളെ കൊല്ലുമ്പോള്‍ അവയ്ക്ക് വേദനിച്ചാല്‍ അത് വിഷമായമായി മാറുമെന്നുമെല്ലാം രജിത് ബിഗ്‌ബോസിലും പുറത്തുമായി വാദിച്ചിട്ടുണ്ട്.
Post Your Comments