മികച്ച നടനായി ജോക്വിൻ ഫീനിക്സ് ഓസ്കാറിൽ മുത്തമിട്ട നേരം. മൂന്ന് തവണ അവസാന നിമിഷത്തിൽ കൈവിട്ടുപോയ സുവർണ്ണ നേട്ടം ഇത്തവണ കൈവരിച്ചപ്പോൾജോക്വിൻ ഫീനിക്സിനും ആരാധകർക്കും അത് ചരിത്ര നിമിഷമായിരുന്നു. 92ാം ഓസ്കാർ പ്രഖ്യാപിക്കുന്നതിനും മുമ്പ് ലോകമെങ്ങുമുള്ള ജോക്കറിന്റെ ആരാധകർ ഹൃദയത്തിലേറ്റിയിരുന്നു മികച്ച നടനായി ജോക്വിൻ ഫീനിക്സ്എന്ന പേര്. ഇത്തവണ മികച്ച നടന് മറ്റൊരവകാശി ഇല്ലെന്ന് തന്നെ അവർ ഉറപ്പിച്ചു.
ജോക്കർ എന്ന് സ്വയം പേരിട്ട് വിളിക്കുന്ന പരാജയപ്പെട്ട ഒരു ഹാസ്യകലാകാരൻ ലോകസിനിമയിലെ തന്നെ തിളക്കമുള്ള പേരിനുടമയായത് ഒട്ടും എളുപ്പവഴിയിലായിരുന്നില്ല.
2008 ൽ പുറത്തിറങ്ങിയ ’ഡാർക്ക് നൈറ്റ് “ എന്ന ചിത്രം ബാറ്റ്മാനെയാണ് പ്രകീർത്തിച്ചതെങ്കിലും കൈയടി മുഴുവൻ നേടിയത് അതിലെ വില്ലനായ ജോക്കറായിരുന്നു. അന്നുമുതൽ ഇന്നോളം ആരാധകരുടെ പ്രിയപ്പെട്ട വില്ലൻ കഥാപാത്രങ്ങളിൽ ആദ്യയിടവും ജോക്കറിന് സ്വന്തമാണ്.
ഹീത് ലെഡ്ജറായിരുന്നു ആദ്യ ജോക്കർ വേഷം പകർന്നാടിയത്. പിന്നീട് ജോക്വിൻ ജോക്കറിലേക്ക് എത്തുമ്പോൾ അയാളിലെ നടന് വെല്ലുവിളിയായി നിന്നിരുന്നതും ’ഡാർക്ക്നൈറ്റി”ലൂടെ അദ്ദേഹത്തിന് മുന്നേ ജോക്കറിനെ ഭംഗിയാക്കിയ ലെഡ്ജറിലെ പ്രതിഭയായിരുന്നു. അപ്രതീക്ഷിതമായി ലെഡ്ജർ വിട പറഞ്ഞപ്പോൾ ജോക്കറിന് പകരമാകാൻ ഒറ്റ പേരേയുണ്ടായിരുന്നുള്ളൂ, ജോക്വിൻ ഫീനിക്സ്. അന്ന് പക്ഷേ ഫീനിക്സിന്റെ ആരാധകരിലേറെ പേരും ജോക്കറിനെ ഗംഭീരമാക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് തന്നെ വിശ്വസിച്ചു. വിധിയുടെ കരുതലെന്നോണം 2009ൽ ലെഡ്ജറിനുമുണ്ടായിരുന്നു ഓസ്കാർ, മികച്ച സഹനടനായിട്ട്. പക്ഷേ അതിൽ മുത്തമിടാൻ അദ്ദേഹമുണ്ടായില്ല എന്നത് ചരിത്രം. വർഷങ്ങൾക്കിപ്പുറം ഫീനിക്സ് അത് സ്വന്തമാക്കുമ്പോൾ കാലം ലെഡ്ജറിനെയും കൂടി ഓർമ്മിപ്പിക്കുകയാണ്. വില്ലനായ ജോക്കർ കഥാപാത്രം ആരാധകർക്ക് എന്തുകൊണ്ട് അത്രമേൽ പ്രിയപ്പെട്ടതാകുന്നുവെന്ന് ചോദിച്ചാൽ അതിനുത്തരം ഈ കലാകാരന്മാരുടെ അഭിനയത്തികവ് കൂടിയാണെന്ന് നിസംശയം പറയാം. ലെഡ്ജർ കഴിഞ്ഞാൽ മറ്റാർക്കും ഭംഗിയാക്കാൻ കഴിയാത്ത വിധം ജോക്കറിന് ജീവൻ പകർന്നിരിക്കുകയാണ് ഫീനിക്സ്.
അഭിനയത്തിൽ മാത്രമായിരുന്നില്ല ശരീര ഭാഷയിൽ പോലും ഫീനിക്സിന് ജോക്കറാകാൻ ഒരുപാട് വെല്ലുവിളികൾ അതിജീവിക്കേണ്ടിയിരുന്നു. ശരീരം മെരുക്കിയെടുക്കുകയായിരുന്നു ആദ്യ പടി. ഏതാണ്ട് 28 കിലോ ഭാരമാണ് കുറച്ചത്.
ജീവിതത്തിലുടനീളം പരിഹാസവും പീഡനവും അപമാനവും ഏറ്റുവാങ്ങിയ ആർതർ ഫ്ളെക്ക് എന്ന സ്റ്റാൻഡപ്പ് കൊമേഡിയൻ പിന്നീട് ഗോഥം നഗരത്തെ വിറപ്പിക്കുന്ന വില്ലൻ ജോക്കറായി തീരുന്നതാണ് ചിത്രത്തിന്റെ കഥ. അതെ, ചരിത്രവും ജോക്കറിനൊപ്പമായിരുന്നു. ഏറ്റവും മികച്ച വില്ലൻ ഏറ്റവും നല്ല നടൻ ആവുന്ന കാഴ്ച കൂടി ഇത്തവണത്തെ ഓസ്കാർ സാക്ഷ്യം വഹിച്ചു.
Post Your Comments