Film ArticlesGeneralLatest News

‘നിന്റെ വയറ്റില്‍ ചലിക്കുന്ന കുഞ്ഞ്. എന്റെ മനസില്‍ ചലിക്കുന്ന സിനിമയും’ സിനിമയ്ക്ക് പിന്നാലെ ഭ്രാന്തന്‍ സ്വപ്നവുമായി നടന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ എഴുപത്തിയാറാം ഓര്‍മ്മ ദിനം

സിനിമയെന്ന ഭ്രാന്തിനൊപ്പം ദേശീയതയെ നെഞ്ചിലേറ്റിയ ദേശസ്നേഹി കൂടിയാണ് ഫാൽക്കേ.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ഫോട്ടോഗ്രാഫറായിരിക്കെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ നല്‍കാനായി ജോലി രാജിവെച്ചയാളാണ് ഫാല്‍ക്കെ.

പരമ്പരാഗത ഇന്ത്യന്‍ ആഖ്യാന ശൈലികളെയും കഥപറയല്‍ തന്ത്രങ്ങളെയും വായ്മൊഴി പാരമ്പര്യങ്ങളെയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സിനിമ എന്ന പുത്തന്‍ കലാരൂപത്തിലേക്ക് പകര്‍ന്നാട്ടം നടത്തിയ ഇന്ത്യൻ സിനിമയുടെ പിതാവ് ദണ്ഡിരാജ്‌ഗോവിന്ദ് ഫാല്‍ക്കെ എന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ ഓർമ്മദിവസമാണ് ഇന്ന്. ജീവിതമെന്ന വലിയ സിനിമാസ്ക്രീനിൽ ഫോട്ടോഗ്രാഫര്‍, പ്രിന്‍റര്‍, ജാലവിദ്യക്കാരൻ തുടങ്ങിയ ചെറുവേഷങ്ങൾ‍ ചെയ്ത് നിശ്ശബ്ദസിനിമയുടെ അമരക്കാരനും പിന്നീട് ഇന്ത്യൻസിനിമയുടെ ഗുരുസ്ഥാനീയനുമായ പ്രതിഭ അരങ്ങൊഴിഞ്ഞിട്ട് എഴുപത്താറുവർഷമാകുന്നു.

ചലിക്കുന്ന ദൃശ്യങ്ങളെക്കാണാനുള്ള ജനങ്ങളുടെ ഇച്ഛ ഇന്ത്യന്‍ സാമുഹ്യപശ്ചാത്തലത്തില്‍ വല്ലാത്ത ഒരത്ഭുതമായിരുന്നു .ചലിക്കുന്ന ദൃശ്യങ്ങളെ കൂട്ടിയിണക്കുന്ന സിനിമയെന്ന വലിയ സ്വപ്നത്തിന്റെ തിളങ്ങുന്ന ഒരു തുണ്ട് ഫാൽക്കെയുടെ മനസ്സിൽ പതിഞ്ഞത് 1911 ഏപ്രില്‍ 14 നാണ്. മൂത്തമകന്‍ ബാലചന്ദ്രനുമൊത്ത് ബോംബെയിലെ അമേരിക്കാ ഇന്ത്യ പിക്ചർ പാലസ് എന്ന സിനിമാ ടെന്‍റിലെത്തിയ ഫാൽക്കെ എമേസിങ് ആനിമൽ എന്ന ചലനചിത്രം കണ്ട് വിസ്മയഭരിതനാകുന്നു. പ്രൊജക്ഷന്‍ റൂമില്‍നിന്നുള്ള വെളിച്ചത്തിനൊപ്പം മൃഗങ്ങളും മനുഷ്യരും സ്‌ക്രീനിലെത്തുന്നത് വിടര്‍ന്ന കണ്ണുകളോടെ കണ്ട ആ മനുഷ്യന്റെ ചിന്തകളിൽ സിനിമയെന്ന സ്വപ്നം വിസ്ഫോടനം നടത്തുന്നിടത്തു നിന്ന് തുടങ്ങുന്നു ഇന്ത്യൻ സിനിമയുടെ ചരിത്രം.

പ്രൊജക്ഷന്‍ റൂമില്‍നിന്നു കിട്ടിയ തുണ്ടുഫിലിമുകള്‍ അദ്ദേഹത്തിന് കൗതുകമായി. അവ ഉപയോഗിച്ച് സിനിമാ പരീക്ഷണങ്ങള്‍ മുന്നേറവേ വീട്ടുപകരണങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമാകുന്നു. സിനിമയെന്ന ചിന്ത മാത്രം ഊണിലും ഉറക്കത്തിലും സങ്കല്പിച്ചുനടന്ന ഫാല്‍ക്കെയുടെ പെരുമാറ്റത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങളാണ് കണ്ടത്. അന്നത്തെ സാമൂഹികാവസ്ഥയിൽ ചലിക്കുന്ന ദൃശ്യങ്ങളെന്നത് യൂറോപ്യനു മാത്രം പ്രാപ്യമാകുന്ന അദ്ഭുതമാകയാൽ ഫാൽക്കെയുടെ സ്വപ്നത്തെ വെറുമൊരു ഭ്രാന്തൻ സങ്കല്പമായി കണക്കാക്കാനേ കഴിയുമായിരുന്നുള്ളൂ.എന്നാൽ ഫാൽക്കെയുടെ നിശ്ചയദാർഢൃത്തിനു മുന്നിൽ എതിർപ്പുകൾ പിന്നീട് ചേർത്തുപ്പിടിക്കലായി. മൂന്നാമതും ഗര്‍ഭിണിയായ ഭാര്യയോട് ഫാല്‍ക്കെ പറഞ്ഞത് ഇപ്രകാരമായിരുന്നു. ‘നിന്റെ വയറ്റില്‍ ചലിക്കുന്ന കുഞ്ഞ്. എന്റെ മനസില്‍ ചലിക്കുന്ന സിനിമയും’.

ഭാര്യയുടെ ആഭരണവും വീടും പണയം വെച്ചാണ് ഫാല്‍ക്കെ ആദ്യസിനിമയായ രാജാ ഹരിശ്ചന്ദ്ര നിര്‍മിച്ചത്. സ്ത്രീകള്‍ സിനിമയിലേയ്ക്ക് വരാന്‍ മടിക്കുന്ന കാലമായിരുന്നു അത്. നടികളെത്തേടി ചുവന്ന തെരുവില്‍പ്പോലും ഫാല്‍ക്കെ അലഞ്ഞു. ഒടുവില്‍ പുരുഷന്മാര്‍തന്നെയാണ് സ്ത്രീവേഷം കെട്ടിയത്. വീട്ടില്‍ത്തന്നെ സെറ്റിട്ടാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. മേക്കപ്പിട്ട താരങ്ങളുമായി കാട്ടില്‍ പോയപ്പോള്‍ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു. കുന്തങ്ങളും വാളും ശൂലവുമൊക്കെ കണ്ടപ്പോള്‍ ഏതോ കൊള്ളസംഘമാണെന്നാണ് പോലീസ് ധരിച്ചത്. എല്ലാ പ്രതിസന്ധികളും മറികടന്ന് 1913 മെയ് 13ന് മുംബൈയിലെ കോര്‍ണേഷന്‍ തിയേറ്ററില്‍ ‘രാജാഹരിശ്ചന്ദ്ര’ പ്രദര്‍ശിപ്പിച്ചപ്പോൾ അവിടെ തുടങ്ങുകയായി ഇന്ത്യൻ സിനിമയുടെ ചരിത്രാരംഭം.

സിനിമയെന്ന ഭ്രാന്തിനൊപ്പം ദേശീയതയെ നെഞ്ചിലേറ്റിയ ദേശസ്നേഹി കൂടിയാണ് ഫാൽക്കേ.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ഫോട്ടോഗ്രാഫറായിരിക്കെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ നല്‍കാനായി ജോലി രാജിവെച്ചയാളാണ് ഫാല്‍ക്കെ.
സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ചും പണയപ്പെടുത്തിയുമാണ് ഫാല്‍ക്കെ സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയത്. ലണ്ടനില്‍ പോയി സിനിമയുടെ സാങ്കേതിക വശങ്ങള്‍ അദ്ദേഹം സ്വായത്തമാക്കി. അപ്പോഴും മനസ്സില്‍ ദേശീയബോധം കാത്തുസൂക്ഷിച്ചു. സിനിമകള്‍ സംവിധാനം ചെയ്ത് ലണ്ടനില്‍ കഴിയാനുള്ള ബ്രിട്ടീഷുകാരുടെ ഓഫര്‍ ഫാല്‍ക്കെ നിരസിച്ചു. ഇന്ത്യയില്‍ സിനിമാ സംസ്‌കാരത്തിനു തുടക്കമിടുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം വിശ്വസിച്ചു. സിനിമയെ വ്യവസായമായി വളര്‍ത്തിയെടുക്കാനും ആഗ്രഹിച്ചു ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ഫീച്ചര്‍ സിനിമയായ ‘രാജാഹരിശ്ചന്ദ്ര’യുടെ സംവിധായകന്‍. 21 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ 95 ഫീച്ചര്‍ സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം വെട്ടിയ പാതയിലൂടെ ഇന്ത്യൻ സിനിമ ലോകസിനിമാചരിത്രത്തിൽ തനതായ സ്ഥാനം നേടിക്കൊണ്ട് ഈ നുറ്റിപതിനേഴാം വർഷത്തിലും പ്രയാണം തുടരുന്നു.

ഇന്ത്യൻ സിനിമയുടെ കുലപതിയുടെ ദീപ്തസ്മരണകൾക്കു മുന്നിൽ ടീം ഈസ്റ്റ്കോസ്റ്റിന്റെ പ്രണാമം!

shortlink

Related Articles

Post Your Comments


Back to top button