സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ തമിഴ് സിനിമാലോകത്ത് നിറ സാന്നിധ്യമായിരുന്നു വിശു എന്നറിയപ്പെടുന്ന മീനാക്ഷിസുന്ദരം രാമസാമി വിശ്വന്തൻ. 90കളിൽ സിനിമയിൽ നിറഞ്ഞുനിന്ന അദ്ദേഹം തമിഴിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചു. ഇപ്പോഴിതാ അദ്ദേഹം തമിഴ് യൂത്ത് സ്റ്റാർ ധനുഷിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ പോകുന്നു എന്ന വാർത്തയാണ് തമിഴ് സിനിമാലോകത്ത് നിറയുന്നത്. ]
1980 ൽ എസ് പി മുത്തുരാമൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് രജനികാന്ത് ചിത്രം നെട്രികൺ ധനുഷ് റീമേക് ചെയ്യുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. വാർത്ത പുറത്ത് വന്നിട്ടും ചിത്രത്തിന്റെ തിരക്കഥാകൃത്തായ തന്നോട് ചർച്ചചെയ്യാത്തതിനെ തുടർന്നാണ് വിശു ധനുഷിനെതിരെ കേസിനൊരുങ്ങുന്നത്.
ചിത്രം നിർമിച്ച കവിതാലയിൽ നിന്നും ധനുഷിന് റീമക് അവകാശം ലഭിച്ചാലും കഥാകൃത്തിൽ നിന്നും അനുമതി ലഭിക്കണം. എന്ത്കൊണ്ട് ധനുഷ് അത് അവഗണിച്ചു എന്ന് വിശു ചോദിച്ചു. നിർമാണ കമ്പനിയായ കവിതാലയ ഇതിന് മുമ്പും തന്നോട് ഈ നീതി നിഷേധം കാട്ടിയതായി വിശു സൂചിപ്പിച്ചു. തില്ലു മുള്ളൂ എന്ന രജനിച്ചിത്രത്തിന്റെ റീമേക്ക് വിവരങ്ങൾ തന്നോട് പറഞ്ഞിട്ടില്ലെന്നും വിശു പറയുന്നു.
”ധനുഷ് നെട്രികൺ റീമേക്ക് ചെയ്യുന്ന വാർത്ത തെറ്റാണെങ്കിൽ, ഇത് അവഗണിക്കാം, പക്ഷേ ധനുഷ് റീമേക്ക് ചെയ്യാൻ തയ്യാറാകുകയും തന്റെ പക്കൽ നിന്നും അനുമതിവാങ്ങാതിരിക്കുകയും ചെയ്താൽ നീതിക്കായി കോടതിയെ സമീപിക്കും” വിശു വ്യക്തമാക്കി.
Post Your Comments