തനിക്ക് അര്‍ബുദം ബാധിക്കുന്നത് 24ാം വയസ്സിലാണെന്ന് നടി മംമ്ത മോഹന്‍ദാസ്. പല തവണ നഷ്ടപ്പെടുമെന്നു കരുതിയ സാഹചര്യത്തിൽ നിന്നു തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങു പ്രണയമാണെന്നു നടി കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി സംഘടിപ്പിച്ച ഇന്ത്യൻ അസോസിയേഷൻ ഓഫ് കാൻസർ റിസർച്ചിന്റെ വാർഷിക സമ്മേളനത്തിൽ അർബുദത്തെ അതിജീവിച്ച റീജനൽ കാൻസർ സെന്റർ മുൻ അഡീഷനൽ ഡയറക്ടർ ഡോ.എൻ ശ്രീദേവി അമ്മയ്ക്കും മുൻ ഡപ്യൂട്ടി ഡയറക്ടർ ഡോ.പി കുസുമ കുമാരിക്കുമൊപ്പം വേദി പങ്കിടുകയായിരുന്നു മംമ്ത..
നിരവധി സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അർബുദം ബാധിച്ചത്, 11 വർഷം മുൻപ്, അപ്പോൾ തനിക്ക് 24 വയസ്സായിരുന്നു. അർബുദം പൂർണമായി ചികിത്സിച്ചു ഭേദമാക്കാനാകുന്ന പുതിയ ചികിത്സാ രീതികൾ വികസിപ്പിക്കുന്നതിനു മുൻപു ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ചു പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അർബുദത്തോടു മല്ലിട്ടു ജീവൻ നഷ്ടപ്പെട്ട വ്യക്തികളെ ഓർക്കുന്നു. ഏതു തരത്തിലുള്ള അർബുദവും ഭേദമാക്കാവുന്നതാണ് മംമ്ത വ്യക്തമാക്കി.
ആർസിസി പോലുള്ള പ്രമുഖ സ്ഥാപനത്തിൽ കുട്ടികളെ ചികിത്സിക്കുന്നതിൽ വളരെയധികം മുന്നേറ്റമുണ്ടായിട്ടുണ്ടെന്നു പ്രമുഖ പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ.കുസുമകുമാരി പറഞ്ഞു. ഒപ്പം അർബുദം മുൻ നിർണയിക്കുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്താൽ പൂർണമായും ഭേദമാക്കാനാകും എന്നതിനു ജീവിച്ചിരിക്കുന്ന താൻ തന്നെയാണ് ഉദാഹരണമെന്നു ഡോ.ശ്രീദേവി അമ്മ പറഞ്ഞു.
Post Your Comments