മീ ടൂ ആരോപണങ്ങളില്‍ ഇന്ത്യന്‍ സിനിമാ ആരാധകര്‍ ഏറെ ഞെട്ടലോടെ കേട്ട പേരായിരുന്നു ഗായകന്‍ കാര്‍ത്തിക്കിന്റേത്. ഗായിക ചിന്‍മയി ശ്രീപദയാണ് കാര്‍ത്തിക്കിനെതിരേ ലൈംഗികാരോപണവുമായി രംഗത്തു വന്നത്. കാര്‍ത്തിക്കിന്റ പേര് വെളിപ്പെടുത്തിയില്ലെങ്കിൽ അത് താൻ ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും സ്ത്രീകള്‍ക്ക് ലൈംഗികാവയവങ്ങളുടെ ചിത്രങ്ങള്‍ വരെ കാര്‍ത്തിക് അയച്ചുവെന്നാണ് ചിന്‍മയി ആരോപിച്ചത്. കാര്‍ത്തിക്കിനെതിരായിട്ടുള്ള മീ ടൂ ക്യാമ്പെയ്‌നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്‍മയി പറഞ്ഞു.
ഇപ്പോഴിതാ തമിഴ്‌നാട് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ കാര്‍ത്തിക് ചേര്‍ന്നതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ചിന്‍മയി. ഒപ്പം കാര്‍ത്തികിനെ പിന്തുണച്ച് സംസാരിച്ചുവെന്നാരോപിച്ച് ഗായകന്‍ മനോയെയും ചിന്‍മയി വിമർശിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ രാധാ രവി അടക്കമുള്ളവര്‍ക്ക് അനുകൂല നിലപാടാണ് മനോ സ്വീകരിക്കുന്നതെന്നും ചിന്‍മയി ആരോപിച്ചു. മനോയുടെ ഒരു വീഡിയോ പുറത്ത് വിട്ടാണ് ചിന്‍മയിയുടെ ആരോപണം. മീ ടൂ കാമ്പയിന്റെ ഭാഗമായി ചിന്‍മയി പുറത്ത് വിട്ട പേരുകളില്‍ ഒന്ന് രാധാ രവിയുടേതായിരുന്നു.
കാര്‍ത്തിക്കിനെതിരേ രംഗത്ത് വന്നപ്പോള്‍ മനോ തന്നെ വിളിച്ച് ആരോപണം ഉന്നയിച്ച പെണ്‍കുട്ടികളുടെ പേരുകള്‍ പറയണമെന്ന് ആവശ്യപ്പെട്ടുവെന്ന് ചിന്‍മയി പറയുന്നു. കാര്‍ത്തിക്കിനെ ഒരു ഗായകന്‍ എന്ന നിലയില്‍ ബഹുമാനിക്കുന്നു. എന്നാൽ പദവിയും പ്രശസ്തിയും മറ്റുള്ളവരെ ഉപദ്രവിക്കാനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചിന്‍മയി വ്യക്തമാക്കി. സ്വന്തം പിന്‍ഗാമി ഇത്രമാത്രം ചെയ്തിട്ടും അയാളെ സംരക്ഷിക്കാനാണ് മനോ ശ്രമിക്കുന്നതെന്നും ചിന്‍മയി പറഞ്ഞു.
Post Your Comments