സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ അച്ഛന്‍ വേഷം അവതരിപ്പിക്കുന്നത് പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്താണ്. നേരത്തെയും മലയാള സിനിമയില്‍ അഭിനയിച്ചു പരിചയമുള്ള രഞ്ജിത്തിന് അയ്യപ്പനും കോശിയിലെയും വേഷം വെല്ലുവിളി ഉയര്‍ത്തിയതായിരുന്നുവെന്നു താരം തന്നെ തുറന്നു പറയുകയാണ്. ചിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ റോളിലാണ് രഞ്ജിത്ത് അഭിനയിച്ചിരിക്കുന്നത്. നടന്‍ സിദ്ധിഖിന്റെ ഡേറ്റ് പ്രശ്നം മൂലം രഞ്ജിത്ത് അഭിനയിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ നിര്‍മ്മതാവില്‍ ഒരാളായ രഞ്ജിത്ത് ആ ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് തുറന്നു പറയുകയാണ്.
‘ഇവിടുത്തെ ഒരു ലീഡ് ആക്ടര്‍ ചെയ്യേണ്ട റോളായിരുന്നു അത്. ചിലപ്പോഴൊക്കെ ചില നടന്മാര്‍ അപ്രത്യക്ഷമാകുന്ന ചില നിമിഷങ്ങള്‍ ഉണ്ടാകും. പണ്ട് നാടകത്തിലൊക്കെ അത് ഉണ്ടായിരുന്നു. അങ്ങനെയുള്ള പ്രമുഖ നടന്‍ ഇല്ലാതെ വരുമ്പോള്‍ എങ്കില്‍ നീ കയറി നില്‍ക്കൂ എന്ന് പറയുന്ന ഒരു ഏര്‍പ്പാട് ഉണ്ട്. ഈ സിനിമയില്‍ അങ്ങനെ കയറി നിന്നതാണ് ഞാനും. ഞാന്‍ ഈ വേഷം ഏറ്റെടുത്തപ്പോള്‍ ബിജുവിനൊക്കെ പേടിയുണ്ടായിരുന്നു. ‘ചേട്ടന്‍ ഇത് ചെയ്താല്‍ ശരിയാകില്ല’ എന്നൊക്കെ അവന്‍ പറഞ്ഞു. പിന്നെ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ കയറി നിന്ന് ചെയ്തതാണ്. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പങ്കുവെച്ചു.
Post Your Comments