തമിഴ്നാട്ടിലെ മരുതമലൈയില്‍ വിവാഹ ഷൂട്ടിങ്ങിനു പോയ മലയാളി ക്യാമറാമാനെയും സംഘത്തെയും തീവ്രവാദികളെന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം. വെള്ളേപ്പം എന്ന ചിത്രത്തില്‍ ഛായാഗ്രഹകനായ ഷിഹാബ് ഓങ്ങല്ലൂരിനും സംഘത്തിനുമാണ് കോയമ്പത്തൂരില്‍ വച്ച് ഇത്തരമൊരു ദുരനുഭവമുണ്ടായത്. ഷിഹാബിനൊപ്പമുണ്ടായിരുന്ന ഷംനാദ് എന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോ സഹിതമാണ് വ്യാജപ്രചരണം നടക്കുന്നത്.
ഈ റോഡിലെ വിവാഹം കഴിഞ്ഞ് ഇവർ കോയമ്പത്തൂരിലെ മരുതമലൈയില്‍ വച്ച് ഔട്ട് ഡോര്‍ ഷൂട്ടിങ്ങിനു പോയതാണ്. മരുതമല അമ്പലത്തിനു ചുവടെ കാര്‍ നിര്‍ത്തി വെള്ളം കുടിക്കാനിറങ്ങിയ ഇവരുടെ ഫോട്ടോ ആരോ പകർത്തുകയും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് തമിഴ്നാട് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും ഫോണ്‍ കോള്‍ വന്നപ്പോഴാണ് സോഷ്യല്‍മീഡിയയിലെ വ്യാജ പ്രചരണത്തിന്റെ കാര്യം ഷിഹാബും സംഘവും അറിയുന്നത്. തമിഴ്നാട് സ്വദേശി എസ് ശ്രീനിവാസ രാഘവന് എന്നയാളാണ് ഫോട്ടോ അടക്കം ‘മോദി രാജ്യം’ എന്ന ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. മരുതമലൈ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നു. ഇന്ന് ഒരു വാഹനം അവിടെ കറങ്ങുന്നതായി കാണുന്നുവെന്നും അവര്‍ പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണെന്നുമായിരുന്നു പോസ്റ്റില്‍. പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. അതിനു ചുവടെ അവര്‍ തീവ്രവാദികളായിരിക്കുമെന്നും എന്‍ ഐ എ ടാഗ് ചെയ്യൂ എന്നൊക്കെ കമന്റുകളും വന്നു. പോസ്റ്റിനൊപ്പം വണ്ടി നമ്പറും ചേര്‍ത്തിരുന്നു. അത് ട്രാക്ക് ചെയ്താണ് പോലീസ് തന്നെ വിളിച്ചതെന്നും കാര്‍ തന്റേതാണെന്നും ഷിഹാബ് പറഞ്ഞു. വിവാഹവര്ക്ക് ഏല്‍പ്പിച്ചവര്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട വ്യക്തിയുമായി ഫെയ്സ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ട് പോസ്റ്റ് നീക്കം ചെയ്യിപ്പിച്ചു. പോലീസിനെയും പറഞ്ഞ് മനസ്സിലാക്കി. സംഭവത്തില്‍ സൈബര്‍ സെല്ലിനു പരാതി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ഷിഹാബ് പറഞ്ഞു.
Post Your Comments