
മാസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ ചിത്രകാരന് പ്രണവ് ആദ്യമായി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പങ്കെടുത്ത ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ നേടിയ തുക ദുരിതാശ്വാസനിധിയിലേക്ക് നേരിട്ടെത്തി നല്കിയ പ്രണവിനെ മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വാര്‍ത്തകളിലൂടെ അറിഞ്ഞ ഈ കലാകാരനെ കാണാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തിരിക്കുകയാണ്.
ജന്മനാ ഇരുകൈകളുമില്ലാത്ത പ്രണവ് കാലുകള്‍ കൊണ്ടാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. തന്നെ കാണാനെത്തുന്ന പ്രിയനടന് സമ്മാനിക്കാന്‍ അദ്ദേഹത്തിന്റെ തന്നെ സിനിമയിലെ ഒരു കഥാപാത്രത്തെ പ്രണവ് വരച്ച് സൂക്ഷിച്ചിരുന്നു. ഒടിയന് സിനിമയിലെ ‘മാണിക്യന്റെ’ ചെറുപ്പത്തിലെ രൂപമാണ് പ്രണവ് മോഹന്‍ലാലിനുവേണ്ടി വരച്ചത്. ഫ്രെയിം ചെയ്ത ചിത്രം പ്രണവ് തന്നെ മോഹന്‍ലാലിന് കൈമാറി.
തന്റെ ആരാധകന് കൂടിയായ പ്രണവിനോട് വിശേഷങ്ങള്‍ ചോദിച്ചും തമാശ പങ്കിട്ടും സമയം ചിലവഴിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്. അതിനുമുന്‍പ് പ്രിയതാരത്തിനൊപ്പം പ്രണവ് ഒരു സെല്ഫിയുമെടുത്തു.
Post Your Comments