
‘നമ്മൾക്ക് ഇടയിൽ നിന്നും വന്നവനെ പോലെ തോന്നുന്ന ഒരുപാട് താരങ്ങളുണ്ട് തമിഴ് സിനിമയിൽ. എന്നാൽ നമ്മൾക്കാകെ ഒരുത്തൻ വന്നു എന്നു തോന്നിയത് മക്കൾ സെൽവൻ വിജയ് സേതുപതിയുടെ വരവോടെയാണ്.’ ഒരു ചടങ്ങിൽ വിജയ് സേതുപതിക്ക് കിട്ടിയ വിശേഷണം ഇങ്ങനെയാണ്. ഇതിന് ശരിവയ്ക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ സിനിമാ തിരഞ്ഞെടുപ്പ്. ഇപ്പോഴിതാ വിജയ്ക്കൊപ്പം മാസ്റ്റർ എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുകയാണ് താരം.
മുൻപ് രജനീകാന്ത് ചിത്രം പേട്ടയിലും ഇത്തരത്തിൽ ഒരു വേഷം വിജയ് സേതുപതി ചെയ്തിരുന്നു. നായകനായി തിളങ്ങി നിൽക്കുമ്പോൾ എന്തിനാണ് വില്ലൻ വേഷം ചെയ്യുന്നതെന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ആരാധകരുടെ പുതിയ ചർച്ചാവിഷയം.
തന്റെ ഇമേജിനെ കുറിച്ച് തനിക്ക് ഒരു പേടിയുമില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. സംവിധായകൻ ലോകേഷ് കനകരാജ് വന്ന് കഥ പറഞ്ഞപ്പോൾ ആ കഥാപാത്രം ഒരുപാട് ഇഷ്ടമായി. വില്ലൻ വേഷമായത് കൊണ്ട് ആ വേഷം ഉപേക്ഷിക്കാൻ മനസ് വന്നില്ലെന്നും വിജയ് സേതുപതി അഭിമുഖത്തിൽ പറഞ്ഞു.
സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
Post Your Comments