കഴിഞ്ഞ ദിവസം ഗായകൻ വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ എല്ലാവരെയും അമ്പരപ്പെടുത്തുന്നതായിരുന്നു. അന്ധയായ ഒരു കുഞ്ഞുപെൺകുട്ടി അതിമനോഹരമായി ഗാനമാലപിക്കുന്ന വീഡിയോയാണ് വേണുഗോപാൽ പങ്കുവെച്ചത്. ‘അസാദ്ധ്യ വോയിസ് ക്വാളിറ്റി, റേഞ്ച്, അനായാസമായ ആലാപന മികവ്’. കണ്ണ് നിറച്ചു. ഈ മോളുടെ വിവരങ്ങൾ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി തരാമോ?’ എന്നാണ് വീഡിയോക്ക് അടികുറിപ്പായി വേണുഗോപാൽ കുറിച്ചത്.
വേണുഗോപാലിന്റെ പോസ്റ്റിനു താഴെ നിരവധി പേര് ഈ കൊച്ചുകലാകാരിയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചു. അനന്യയെന്നാണ് കുട്ടിയുടെ പേരെന്നും കണ്ണൂരാണ് ഈ പെണ്‍കുട്ടിയുടെ സ്ഥലമെന്നുമുള്ള വിവരങ്ങൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കപ്പെട്ടു. ജന്മനാ കാഴ്ചശക്തിയില്ലാത്ത അനന്യ സ്പെഷ്യല്‍ സ്കൂളിലെ ക്ലാസ്സിനിടെ പാടിയ ‘പൂ മുത്തോളെ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതോടെ സംഗീത സംവിധായകന് ബിജിപാലും സിനിമയിലേക്ക് ക്ഷണവുമായെത്തി.
കണ്ണൂർ വാരം സ്വദേശികളായ പുഷ്പന്- പ്രജിത ദമ്പതികളുടെ ഇളയമകളാണ് അനന്യ. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ അനന്യ സിനിമാ പിന്നണിഗാന രംഗത്തേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments