ശാലീനത കൊണ്ട് പ്രേക്ഷക ഹൃദയത്തെ പ്രണയിക്കാൻ കൊതിപ്പിച്ച പുതുനിരയിലെ തിരക്കേറിയ നായികയാണ് നിഖില വിമൽ. ചെയ്ത വേഷങ്ങളുടെ ക്യൂട്ട്നസ്സ് കൊണ്ട് യുവാക്കളുടെ മനസ്സിനെ പ്രണയിക്കാൻ ശീലിപ്പിച്ച നിഖില വിമൽ ഇപ്പോഴും താന്‍ രഹസ്യമായി നിലനിര്‍ത്തുന്ന തന്റെ ഒരു പ്രണയ കാര്യത്തെക്കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ്. .
പ്രണയമില്ലേ എന്ന് ചോദിച്ചാൽ ഇല്ല എന്നു തന്നെയാണ് ഉത്തരം. പക്ഷേ ആദ്യ പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഓർമ്മ വരുന്ന ഒരാളുണ്ട്. കുറച്ചു കാലം മുൻപ് അടുപ്പമുള്ള ഒരു ചേച്ചി എന്നെ വിളിച്ചിട്ട് പറഞ്ഞു. ‘നിഖിലയുടെ നമ്പർ ഒരു പയ്യൻ ചോദിക്കുന്നുണ്ട് കൊടുത്തോട്ടെ’ എന്ന് . സ്വാഭാവികമായും നമ്മൾ വേണ്ട എന്നല്ലേ മറുപടി പറയുക. ഞാനും അങ്ങനെ തന്നെ പറഞ്ഞു. പിന്നീട് ഒരു തവണ ആ ചേച്ചിയെ കണ്ടപ്പോൾ അറിഞ്ഞു. ആ പയ്യന് വർഷങ്ങൾക്ക് മുൻപേ എന്നോട് ക്രഷ് ഉണ്ടായിരുന്നുവെന്ന്. അന്ന് ഞാൻ സിനിമയിലെത്തിയിട്ട് പോലുമില്ല. ഏതോ സ്കൂൾ കലോത്സവത്തിനാണ് അദ്ദേഹം എന്നെ കണ്ടത്. അന്ന് നൃത്തത്തിൽ തന്നെ പലയിനങ്ങളിലും മത്സരിക്കുന്നുണ്ടായിരുന്നു ഞാൻ. അന്ന് കുറേ നേരം എന്നോട് സംസാരിച്ചുവത്രേ. പിന്നീട് എപ്പോഴോ ഒരു ട്രെയിൻ യാത്രയിലും കണ്ടിരുന്നുവെന്നും അന്നും എന്നോട് സംസാരിച്ചിരുന്നുവെന്നും പറഞ്ഞു. പക്ഷേ ഈ രണ്ട് സംഭവങ്ങളും എനിക്കോർമ്മയില്ല. പത്ത് കൊല്ലം മുൻപ് നടന്ന കാര്യങ്ങളല്ലേ. പുള്ളിക്കാരന് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ അത് തന്നെ. എന്നോട് ഇതൊക്കെ പറഞ്ഞ ചേച്ചിയുടെ സുഹൃത്താണ് അദ്ദേഹം ഇപ്പോഴും. സിനിമയിലൊക്കെ വന്ന ശേഷം ഞാനും ചേച്ചിയും ഒപ്പമുള്ള ചിത്രം കണ്ടപ്പോഴാണ് അദ്ദേഹം ഇതൊക്കെ പറയുന്നത്. എനിക്കെന്തോ അതാരാണെന്ന് അറിയണമെന്ന് ഒരാഗ്രവും തോന്നിയില്ല. ആളുടെ പേര് പോലും പറയേണ്ടെന്ന് ഞാൻ ചേച്ചിയോടും പറഞ്ഞു. ചിലപ്പോൾ പല വേദികളിലും ഞാൻ മിണ്ടുന്നവരുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ടാകാം’.
Post Your Comments