സിനിമാ നിർമാതാക്കൾക് സിനിമ എടുക്കുന്നതിനായി പണം പലിശക്ക് നൽകുകയും അത് തിരിച്ചുപിടിക്കാൻ ഗുണ്ടായിസം കാട്ടുകയും ചെയ്യുന്ന വില്ലനായ നടനെ നമ്മൾ ഷൈലോക് എന്ന മമ്മൂട്ടി ചിത്രത്തിൽ കണ്ടു. തീയേറ്ററുകളിൽ നിറഞ്ഞ കൈയടികൾ വാങ്ങിയ മമ്മൂട്ടിയുടെ ‘ബോസ്’ എന്ന കഥാപാത്രം വെറും സാങ്കല്പികമല്ല എന്ന് ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേൾക്കുന്ന വാർത്തകളിൽ നിന്നുമാണ്.
ആദായനികുതി വകുപ്പ് തമിഴ് സൂപ്പര്‍താരം വിജയിയെ ചോദ്യം ചെയ്തതോടെയാണ് അൻപുചെഴിയൻ എന്ന പേരും ഉയർന്നുകേട്ടത്. സ്വന്തമായി നിർമാണ കമ്പനിയുണ്ടെങ്കിലും തമിഴിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമിക്കുന്നതിന് മറ്റു നിർമാതാക്കൾക്ക് പലിശക്ക് പണം കടം നൽകുകയാണ് അൻപുചെഴിയന്റെ പ്രധാന ജോലി. ഒറ്റ വാക്കിൽ തമിഴ് സിനിമയിലെ ഷൈലോക്.
ഗോപുരം ഫിലിംസ് എന്നാണ് സ്വന്തം നിർമാണ കമ്പനിയുടെ പേര്. വിജയ് നായകനായ സൂപ്പർഹിറ്റ് ചിത്രം‘ബിഗിൽ’ സിനിമയുടെ പേരിൽ 300 കോടിയിലധികം രൂപയുടെ സാമ്പത്തികക്രമക്കേട് നടത്തിയെന്നാണ് ഇപ്പോൾ നേരിടുന്ന ആരോപണം. ബിഗിലിന്റെ നിർമ്മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ 20 കേന്ദ്രങ്ങളിലെ റെയ്ഡിന് പുറമേ, അൻപുചെഴിയന്റെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഈ റെയ്ഡുകളാണ് ഒടുവിൽ വിജയ്‌യുടെ വീട്ടിലും എത്തിയത്.
മധുരൈഅൻപ് എന്ന് ആളുകൾ വിളിക്കുന്ന ഇയാൾ രാമനാഥപുരം ജില്ലയിലെ കമുദി സ്വദേശിയാണ്. 1990 കളുടെ തുടക്കത്തിലാണ് മധുരയിലേക്ക് അൻപ് താമസം മാറ്റിയത്. ചെറിയ തോതിലുള്ള ചിട്ടി നടത്തിപ്പിലൂടെയാണ് തുടക്കം. പിന്നീട് ചെറുകച്ചവടക്കാർക്ക് പലിശയ്ക്കു പണം കൊടുക്കലായി. പിന്നാലെ സിനിമാരംഗത്തും പണമിറക്കിത്തുടങ്ങി. ഫിലിം റീലുകൾ ചുമലിലേന്തി നടക്കുന്നതായിരുന്നു അൻപുചെഴിയന്റെ ആദ്യകാല സിനിമാബന്ധം. പതിയെ സഹപ്രവർത്തകർക്ക് പണം കടം കൊടുക്കലായി.
നിർമാതാക്കളുടെ സ്വത്ത് ഈട് മേടിച്ചാണ് കടംകൊടുക്കൽ. ബ്ലാങ്ക് ചെക്കുകളും ഒപ്പിട്ടുവാങ്ങും. പണമടയ്ക്കുന്നത് വൈകിയാൽ സ്വത്ത് കൈക്കലാക്കും. 5000 രൂപയുടെ ആ ബിസിനസ് പിന്നീട് മധുരൈ-രാമനാഥപുരം സർക്കിളിലെ തിയറ്റർ ഉടമകൾക്ക് സിനിമാ റിലീസിന് പണം നൽകുന്ന നിലയിലേക്ക് വളർന്നു. തിയറ്റർ ഉടമകളെ പേടിപ്പിച്ച് മൂന്നുദിവസത്തിനകം പലിശ സഹിതം പണം വാങ്ങി വട്ടിപലിശക്കാരനായി.
2003ൽ മണിരത്നത്തിന്റെ സഹോദരനും നിർമാതാവുമായ ജി വെങ്കടേശ്വരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അൻപുവിന്റെ പേര് വാർത്തകളിൽ നിറഞ്ഞത്. 2017ൽ നിർമാതാവ് അശോക് കുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ അൻപുചെഴിയനാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. വീട്ടിലെ സ്ത്രീകളെ വരെ ഭീഷണിപ്പെടുത്തിയെന്നും സൂചിപ്പിച്ചു. എന്നാൽ, പല സിനിമാ രാഷ്ട്രീയ പ്രമുഖരും ചെഴിയനു വേണ്ടി രംഗത്തെത്തി. അതോടെ കേസിൽ നിന്നും തടിയൂരുന്നതാണ് കണ്ടത്.
സിനിമാ മേഖലയിൽ സ്ഥിരസാന്നിധ്യമായതിന് പിന്നാലെ മുൻമുഖ്യമന്ത്രി ജയലളിതയുടെ അടുപ്പക്കാരനായി. ദക്ഷിണമേഖലയിൽ പല സിനിമകളുടെയും വിതരണാവകാശം നേടിയെടുത്തു. ഏതുപാർട്ടിക്കാർ അധികാരത്തിലിരുന്നാലും ആ അധികാരകേന്ദ്രങ്ങളുമായി അടുപ്പം സ്ഥാപിച്ചു. 2011 ഡിസംബറിൽ മധുര റൂറൽ പൊലീസ് ഇയാളെ അറസ്റ്റ്ചെയ്തു. വധശ്രമം, ക്രിമിനൽ ഭീഷണി, വഞ്ചന എന്നിവയായിരുന്നു കുറ്റങ്ങൾ. ‘മീശൈ മകൻ’ എന്ന സിനിമ നിർമ്മിക്കാൻ എസ്.വി.തങ്കരാജ് 20 ലക്ഷം വായ്പ വാങ്ങിയിരുന്നു. രണ്ട് ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറിലും ലെറ്റർ പാഡിലുമായി ഒപ്പും 8 ചെക്കും വാങ്ങിയ ശേഷമായിരുന്നു പണം കൈമാറിയത്. 30 ശതമാനം പലിശ ഈടാക്കി. പരാതിക്കാരൻ ഒരുകോടി വരെ നൽകിയിട്ടും അൻപുചെഴിയൻ ഭീഷണി തുടർന്നു. തുടർന്നാണ് പരാതി പൊലീസിന് മുന്നിലെത്തുന്നത്.
Post Your Comments