മുഖത്തു തുന്നലിട്ട പാടുകൾ മെയ്ക്കപ്പ് ഇട്ട് മറയ്ക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് അനാർക്കലി നായിക പ്രിയാൽ ഗോർ. എല്ലാവരുടെ ജീവിതത്തിലും ചില മുറിപ്പാടുകൾ ഉണ്ടാകാറുണ്ടെന്നും തന്റേത് ഏറ്റവും സ്നേഹത്തോടെ ആശ്ളേഷിക്കുന്നുവെന്നും വ്യക്തിമാക്കിയാണ് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രിയാൽ പങ്കുവച്ചത്.
പ്രിയാൽ ഗോറിന്റെ വാക്കുകൾ ഇങ്ങനെ : “അപ്രതീക്ഷിതമായി സംഭവിക്കുന്നയെ അതിജീവിക്കുകയും പുഞ്ചിരിയോടെ മുന്നേറുകയും ചെയ്യുന്നതാണ് ജീവിതം. ജീവിതത്തിൽ ഇതുവരെ നേരിട്ടുള്ളവയിൽ വച്ച് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ രണ്ടു മാസങ്ങൾ. പക്ഷേ, ഇതാണ് ഞാൻ… എന്റെ ഏറ്റവും മികച്ചത് ഇതാണ്. എല്ലാവരുടെ ജീവിതത്തിലും മുറിപ്പാടുകൾ ഉണ്ടാവാറുണ്ട്. എന്റേത് ഏറ്റവും സ്നേഹത്തോടെ ഞാൻ ആശ്ളേഷിക്കുന്നു.”
മുഖത്തെ മുറിപ്പാടുകൾ മറച്ചു വയ്ക്കാതെ ഫോട്ടോഷൂട്ടിന് പ്രത്യക്ഷപ്പെട്ട പ്രിയാലിനോടു ആദരവുണ്ടെന്നും ഈ പ്രവർത്തി പ്രിയാലിന്റെ സൗന്ദര്യം വർധിപ്പിച്ചെന്നും ആരാധകർ അഭിപ്രായപ്പെട്ടു. അതേസമയം, എങ്ങനെയാണ് മുഖത്തു മുറിവുണ്ടായതെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം വ്യക്തമാക്കിയിട്ടില്ല. താരത്തിന്റെ വളർത്തുനായ ബ്രൂണോ മുഖത്തു കടിച്ചതു മൂലമാണ് മുറിവുണ്ടായതെന്ന് പ്രിയാലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് തന്റെ ഔദ്യോഗിക പേജിൽ പ്രിയാൽ ഗോർ പ്രതികരിച്ചിട്ടില്ല.
Post Your Comments