ഫെബ്രുവരി 4- ലോക കാൻസർ ദിനം. രോഗ ബാധിതരെയും കുടുംബത്തെയും ഒരുപോലെ വേദനയുടെ പടുകുഴയിലേക്ക് തള്ളിവിടുന്ന ഒന്നായിരുന്നു കാൻസർ. എന്നാൽ ദൃഢമായ ഇച്ഛാശക്തിയും മനോബലവും കൊണ്ട് കാൻസറിനെ അതിജീവിച്ചവർ ഇന്ന് ഏറെയാണ്.
“I am and I will” എന്ന ആപ്തവാക്യവുമായാണ് 2020ൽ ലോക കാൻസർ ദിനം ആചരിക്കുന്നത്. ഈ വേളയിൽ മനഃസാന്നിധ്യം കൊണ്ട് കാൻസറിനെതിരെ പോരാടുകയും അതിജീവിക്കുകയും ചെയ്ത ഇന്ത്യൻ സിനിമാമേഖലയിലെ ചില പ്രമുഖരെ അറിയാം.
മലയാള സിനിമയിൽ ഹാസ്യനടനായും സ്വഭാവ നടനായും ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന താരമാണ് ഇന്നസെന്റ്. 2013-ൽ തൊണ്ടയ്ക്ക് അർബുദ രോഗം ബാധിച്ചതിനെ തുടർന്ന് ഇന്നസെന്റ് കീമോതെറാപ്പിക്ക് വിധേയനാവുകയും തുടർന്നു സുഖം പ്രാപിക്കുകയുമായിരുന്നു. അതിനുശേഷമാണ് അദ്ദേഹം പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും.
തെന്നിന്ത്യൻ സിനിമയിൽ ഗായികയായും നടിയായും നിറഞ്ഞുനിന്നിരുന്ന താരമാണ് മംമ്ത മോഹൻദാസ്. കാൻസർ ബാധിതയെ തുടർന്ന് സിനിമയിൽ നിന്നും പലപ്പോഴും വിട്ട് നിന്നിട്ടുള്ള താരം ഇപ്പോൾ വീണ്ടും സജീവമാകുകയാണ്. രണ്ടുതവണ കാൻസറിനെ അതിജീവിച്ചാണ് മംമ്ത ജീവിതത്തിലേക്ക് സിനിമയിലേക്കും തിരിച്ചെത്തിയത്.
ബോളിവുഡ് നടി മനീഷ കൊയ്‌രാളയും കാൻസർ അതിജീവിച്ചവരിൽ ശ്രദ്ധേയയാണ്. ആദ്യഘട്ടത്തിൽ അണ്ഡാശയ അർബുദം കണ്ടെത്തിയതായി അറിഞ്ഞപ്പോൾ അവർ കാഠ്മണ്ഡുവിലായിരുന്നു. പിന്നീട് യുഎസിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്ററിൽ ചികിത്സ തേടി. ചികിത്സയ്ക്കൊപ്പം ദൃഢമായ ഇച്ഛാശക്തിയോടെയാണ് മനീഷ രോഗത്തെ തോൽപ്പിച്ചത്.
ബോളിവുഡ് ചലച്ചിത്ര സംവിധായകൻ അനുരാഗ് ബസുവിന് 2004 ൽ അക്യൂട്ട് പ്രോമിലോസൈറ്റിക് രക്താർബുദം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മൂന്നുവർഷമായി ഈ രോഗത്തിനെതിരെ പോരാടിയ ബസു ഒടുവിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തി.
ഖിലോന, പത്തർ കെ സനം, ഡോ റാസ്റ്റ്, ഉപാസ്ന തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയായ മുംതാസിന് 54 വയസ്സുള്ളപ്പോഴാണ് സ്തനാർബുദം കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ ഉറച്ച പിന്തുണയോടെ രോഗത്തിനെതിരെ പോരാടിയ മുംതാസ് ഒടുവിൽ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചെത്തുകയായിരുന്നു.
Post Your Comments