മലയാള സിനിമയിലെ പുതുനിര സംവിധായകന്മാർ മികച്ച ചിത്രങ്ങളാണ് എടുക്കുന്നതെന്ന് പ്രിയദര്‍ശന്‍. അവയില്‍ ചില സിനിമകള്‍ കാണുമ്പോള്‍ സ്വന്തം റിട്ടയര്‍മെന്റിനക്കുറിച്ച് ആലോചിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.
‘പുതിയ തലമുറ എടുക്കുന്ന സിനിമകള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ ഇതൊക്കെ കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്, എനിക്കെന്താണ് ഇങ്ങനെ ചിന്തിക്കാന്‍ പറ്റാത്തതെന്ന്. എത്ര ഇന്ററസ്റ്റിംഗ് ആയിട്ടാണ് ആളുകള്‍ സിനിമയെടുക്കുന്നത്. പിന്നെ, മലയാളസിനിമയിലെ പെര്‍ഫോമന്‍സ് എന്ന് പറയുന്നത് റിയലിസ്റ്റിക് ആവാന്‍ തുടങ്ങി. ശരിക്കും പറഞ്ഞാല്‍ എന്നെപ്പോലുള്ള ആളുകള്‍ റിട്ടയര്‍ ചെയ്യേണ്ട സമയമായി, എന്നിട്ട് ഇവര്‍ക്ക് വിട്ടുകൊടുക്കേണ്ട സമയമായി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മലയാളത്തിലെ പുതുതലമുറ ബ്രില്യന്റ് സിനിമകളാണ് എടുത്തുകൊണ്ടിരിക്കുന്നത്’, പ്രിയദര്‍ശന്‍ പറഞ്ഞു.
അതേസമയം പഴയ തലമുറയിലെ മികച്ച നടന്മാരോടൊപ്പം നില്‍ക്കുന്നവര്‍ ഈ തലമുറയില്‍ ഉണ്ടോയെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും പ്രിയന്‍ പറഞ്ഞു. നടന്മാരുടെ അഭാവം സംവിധായകന്‍ എന്ന നിലയില്‍ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘തീര്‍ച്ഛയായും. അതുകൊണ്ടാണ് ഹ്യൂമറസ് സിനിമകള്‍ ഇനിമേല്‍ ജീവിതത്തില്‍ ഇല്ലെന്ന് ഞാന്‍ തീരുമാനിച്ചത്. കാരണം പലപ്പോഴും ഈ നടന്മാരുടെ ഒരു വലിയ കോണ്‍ട്രിബ്യൂഷന്‍ നമുക്ക് കിട്ടുമായിരുന്നു. എഴുതാനിരിക്കുമ്പോള്‍ത്തന്നെ ഇവരൊക്കെ മനസില്‍ തെളിയുമായിരുന്നു. സിനിമയില്‍ വരുന്നതിന് മുന്‍പ് അവരുടെയൊക്കെ ആരാധകനായിരുന്നു ഞാന്‍. അതുകൊണ്ട് പിന്നീട് അവരെവച്ച് സിനിമ ചെയ്തപ്പോള്‍ ആ കഥാപാത്രങ്ങള്‍ക്ക് മാക്‌സിമം മിഴിവ് കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും ഞാന്‍ കട്ട് പറയാന്‍ മറന്ന് പപ്പുവേട്ടനെ (കുതിരവട്ടം പപ്പു) നോക്കിനിന്നിട്ടുണ്ട്. ജഗതിയെ നോക്കിനിന്നിട്ടുണ്ട്. അവരുടെയൊക്കെ ഇംപ്രൊവൈസേഷന്‍സ് അവിശ്വസനീയമായിരുന്നു. അങ്ങനെയുള്ള നടന്മാര്‍ പുതിയ തലമുറയില്‍ ഉണ്ടോ എന്നെനിക്ക് സംശയമുണ്ട്. ചിലപ്പോൾ അവര്‍ക്ക് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ കിട്ടാത്തതുകൊണ്ടാവാം എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
Post Your Comments