CinemaGeneralLatest NewsMollywoodNEWS

‘നിങ്ങൾ പിരിവെടുക്കരുത് ഇതെന്റെ അമ്പലം കൂടിയാണ്’; പ്രേം നസീർ പറഞ്ഞ വാക്കുകളെ കുറിച്ച് ആലപ്പി അഷറഫ്

അദ്ദേഹത്തിന്റെ നാട്ടിലെ ദേവീക്ഷേത്രത്തിൽ അവർ ഒരു ആനയെ വാങ്ങാൻ തീരുമാനിച്ചു

മലയാള ചലച്ചിത്ര രംഗത്തെ നിത്യഹരിത നായകനായിരുന്നു പ്രേംനസീർ. എഴുന്നൂറോളം സിനിമകളിൽ നായകവേഷത്തിലെത്തി. മിസ് കുമാരി മുതൽ അംബിക വരെയുള്ള നായികമാർ. 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്ന‍ഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി അഭിനയിച്ചു. ഇപ്പോഴിതാ അദ്ദേഹത്തിനു വേണ്ടി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും എല്ലാം ജനങ്ങൾക്കുവേണ്ടി നൽകിയെന്നും സംവിധായകൻ ആലപ്പി അഷറഫ് പറയുന്നു. പ്രേം നസീർ ഹിന്ദു ക്ഷേത്രത്തിൽ മുസ്ലീം ആനയെ നടക്കിരുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒന്നും സമ്പാദിച്ചിട്ടില്ല അദ്ദേഹം,​ എല്ലാം ജനങ്ങൾക്ക് കൊടുത്തു. അദ്ദേഹത്തിന്റെ നാട്ടിലെ ദേവീക്ഷേത്രത്തിൽ അവർ ഒരു ആനയെ വാങ്ങാൻ തീരുമാനിച്ചു. റസീറ്റ് കുറ്റി അടിച്ചു. അന്നത്തെ കാലത്ത് അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയുമൊക്കെ റസീറ്റ്. ആ റസീറ്റ് കുറ്റിയുടെ ഉദ്ഘാടനം പ്രേംനസീറിനെകൊണ്ട് ചെയ്യിക്കണം എന്ന പറഞ്ഞ് കമ്മിറ്റിക്കാർ അദ്ദേഹത്തെ കാണാൻ ചെന്നു. ഞങ്ങൾ ഒരു ആനയെ വാങ്ങാൻ തീരുമാനിച്ചു,​ ഈ റസീറ്റുകുറ്റി ആദ്യം സാറിന്റെ ഒരു തുക എഴുതണമെന്ന് അവർ പറഞ്ഞു. അഞ്ഞൂറോ ഇരുന്നൂറോ ആണ് അവർ പ്രതീക്ഷിച്ചത്.അവരുടെ കയ്യിൽ നിന്ന് മൊത്തം റസീറ്റ് കുറ്റിയും വാങ്ങിവച്ചിട്ട് പ്രേംനസീർ പറഞ്ഞു. നിങ്ങൾ പിരിവെടുക്കരുത് ഇതെന്റെ അമ്പലം കൂടിയാണ്,​ ഒരു ആനയെ ഞാൻ വാങ്ങിത്തരാം എന്നു പറഞ്ഞു. ഏറ്റവും വലിയ മത സൗഹാർദമാണതെന്ന് ആലപ്പി അഷറഫ് പറഞ്ഞു.

ആലപ്പുഴ സുഗതൻ സ്മാരക ഹാളിൽ വച്ച് നടന്ന കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഫിലിമോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button