തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയതാരം ഇന്ന് സിനിമാലോകത്ത് എട്ട് വർഷങ്ങൾ പിന്നിടുകയാണ്. ഇതിനോടകം നിരവധി ഹിറ്റുകൾ സമ്മാനിച്ച് മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയ താരത്തിന്റെ യാത്ര ബോളിവുഡ് വരെ എത്തിയിരിക്കുന്നു.
ദുൽഖറിന്റെ സിനിമയിലെ മനോഹരമായ എട്ടാം വർഷം ആഘോഷമാക്കുകയാണ് കുറുപ്പ് ടീം. സെറ്റിൽ കേക്ക് മുറിച്ചു കൊണ്ടായിരുന്നു ആഘോഷം. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ സംവിധായകൻ തന്നെയാണ് ദുൽഖറിന്റെ പുതിയ ചിത്രമായ കുറുപ്പും ഒരുക്കുന്നത്. അതിനാൽ തന്നെ ഇത്തവണത്തെ ആഘോഷത്തിന് ഇരട്ടി മധുരമാണ്.എട്ട് വർഷത്തെ സിനിമ ജീവിതം തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചെന്ന് ദുൽഖർ സൽമാൻ. തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
”ഈ വർഷത്തെ ആ ദിവസം വീണ്ടും വന്നിരിക്കുകയാണ്. സിനിമ എന്ന അത്ഭുത ലോകത്തിലേക്ക് ഞാൻ കാലുവെച്ച ദിവസം. കഴിഞ്ഞ എട്ടു വർഷത്തെ സിനിമ ജീവിതം എനിക്ക് സമ്മാനിച്ചത് ഒരുപാട് കാര്യങ്ങളാണ്. ഒരു നടൻ എന്ന നിലയിൽ എനിക്ക് ഒരുപാട് മുന്നോട്ട് പോകാൻ കഴിഞ്ഞു. പുതിയ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും പുതിയ ഭാഷകളിൽ സിനിമകൾ അഭിനയിക്കാനും എന്നെ ഒരുപാട് സഹായിച്ചു. ഇന്ന് എനിക്ക് ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ പേടി ഇല്ല. അത് പ്രേക്ഷകരായ നിങ്ങൾ തന്ന സ്നേഹവും കരുതലും കാരണമാണ്. എന്റെ ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’ സംവിധാനം ചെയ്ത ശ്രീജിത്തിനൊപ്പമാണ് ഇപ്പോൾ വീണ്ടും ഞാൻ ‘കുറുപ്പ്’ എന്ന ചിത്രം ചെയ്തു കൊണ്ടിരിക്കുന്നത്. ഏറെ സന്തോഷത്തോടെയാണ് ഞാൻ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളെയും നോക്കി കാണുന്നത്. ഈ വർഷം എല്ലാവർക്കും ഞാൻ ഒരുപാട് സ്നേഹവും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് നേരുന്നു”- ദുൽഖർ കുറിച്ചു.
Post Your Comments