
കാറോടിക്കുന്നതിനിടെ സെല്‍ഫി വീഡിയോ എടുത്ത തെന്നിന്ത്യന്‍ താരം സഞ്ജന ഗല്‍റാണിക്ക് ട്രാഫിക് നിയമലംഘനത്തിനെതിരെ കേസ്. ബെംഗളൂരു നഗരത്തില്‍ വച്ച് സൂപ്പർ കാർ ഓടിക്കുന്നതിനിടെയാണ് നടി സെൽഫി വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. നടന് മഹേഷ് ബാബുവിനെ പ്രണയിക്കുന്നു, മഹേഷിന്റെ ‘സരിലേരു നീകവരു’ എന്ന സിനിമ കാണാന്‍ പോവുകയാണ് എന്നാണ് നടി വീഡിയോയില്‍ പറയുന്നത്. റൂഫ് തുറന്ന നിലയിലുള്ള കാറിൽ സഞ്ജനയ്ക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ജനുവരി രണ്ടാംവാരമായിരുന്നു സംഭവം. നടിയുടെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഒടുവില്‍ ഈ ദൃശ്യങ്ങള്‍ പൊലീസിന്റെ മുന്നിലുമെത്തി. ഇതോടെ നടിക്കെതിരെ നടപടിയുമായി പൊലീസ് രംഗത്തെത്തുകയായിരുന്നു. തിരക്കേറിയ ബെംഗളൂരു നഗരത്തിലൂടെ ക്യാമറയിൽ നോക്കി സംസാരിച്ചുകൊണ്ട് അപകടകരമായി വണ്ടിയോടിച്ചതിനാണ് നടിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തത്.
മൂന്നു മാസത്തിനകം പിഴ അടയ്ക്കണമെന്ന് കാണിച്ചുകൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസ് സഞ്ജനയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മലയാളികള്‍ക്ക് സുപരിചിതയായ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.
Post Your Comments