ലോകം മുഴുവൻ ഇപ്പോൾ കൊറോണ വൈറസ് ഭീതിയിലാണ്. ചൈനയിലെ വുഹാൻ തെരുവിലാണ് കൊറോണ വൈറസ് ബാധിതരെ ആദ്യം കണ്ടെത്തിയത്. ഇപ്പോൾ കൊറോണയുമായ് സാമ്യമുള്ള ഒരു സിനിമയെ കുറിച്ചാണ് ഓൺലൈൻ ആരാധകർ ചർച്ച ചെയ്യുന്നത്. ഒൻപതുവർഷം മുമ്പിറങ്ങിയ ഹോളിവുഡ് സയൻസ് ഫിക്ഷൻ ത്രില്ലറായ കണ്ടേജിയന്റെ കഥ തുടങ്ങുന്നതും ഇത്തരത്തിൽ ചൈനയിലെ ഒരു നഗരത്തിൽ നിന്നും വൈറസ് പടരുന്നതിലൂടെയാണ്.
ചൈനയിൽ നിന്ന് വ്യാപിക്കുന്ന വൈറസ് ലക്ഷക്കണക്കിന്ന് മനുഷ്യരെ ഇല്ലാതാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ കഥാപാത്രമായ ബേത്ത് എന്ന സ്ത്രീ ബിസിനസ്സ് ആവിശ്യത്തിനായി ഹോങ്കോങ്ങിൽ എത്തുന്നു. അവിടെ വെച്ച് ഇവർക്ക് വൈറസ് ബാധ ഉണ്ടാകുന്നു. രോഗബാധയേറ്റ വവ്വാലിൽ നിന്നും പന്നിയിലേക്ക് വൈറസ് പകരുകയും പന്നിയെ വൃത്തിയാക്കുന്ന ഷെഫിലേക്ക് ഇത് വ്യാപിക്കുകയും ഷെഫിൽ നിന്നും ബേത്തിന്റെ ശരീരത്തിലേക്ക് രോഗം എത്തുകയും ചെയ്യുന്നു.
തുടർന്ന് അമേരിക്കയിൽ തിരിച്ചെത്തുന്ന ബേത്തിന് രോഗലക്ഷണങ്ങൾ കാണപ്പെടുകയും മരണപ്പെടുകയും ചെയ്യുന്നു. ബേത്തിന്റെ മകനും ഇതേ അവസ്ഥയിൽ മരിക്കുന്നതോടെ വൈറസ് ആക്രമണം ആണെന്ന് ഡോക്ടർമാർ തിരിച്ചറിയുന്നു.
കൊറോണ വൈറസ് ബാധ മൂലം ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ തന്നെയാണ് ചിത്രത്തിലെ വൈറസ് ബാധ ഏറ്റ രോഗികൾക്കും ഉണ്ടാകുന്നത്. മാത്രമല്ല ഇതിന്റെ തുടക്കം കാണിക്കുന്ന നഗരം സിനിമയിലും ഇപ്പോഴും ഒന്ന് തന്നെയാണ്.
പ്രമേയത്തിലെ സാമ്യം കാരണം ഈ ചിത്രത്തിന്റെ ഓൺലൈൻ കാഴ്ചക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. ഗൂഗിൾ ട്രെൻഡിങ്ങിലും ചിത്രം ഇടം പിടിച്ചു കഴിഞ്ഞു. ചിത്രത്തിലേതുപോലെ ഒരു ലോകദുരന്തത്തിലേക്കാണോ കൊറോണ വൈറസ് നമ്മളെ കൊണ്ടെത്തിക്കുക എന്ന ഭയാശങ്കകളും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.
Post Your Comments