GeneralLatest NewsMollywoodNEWS

ഭര്‍ത്താവിനെ ദൈവത്തെപ്പോലെ പൂജിക്കുന്ന പെണ്ണാണ് ഞാന്‍ ; ജസ്ലയോട് പൊട്ടിത്തെറിച്ച് വീണ

കോമണ്‍ ഹാളിലിരുന്ന് ജസ്ലയും വീണയും കൂടി ശാന്തമായി ആരംഭിച്ച ചര്‍ച്ചയാണ് പിന്നാലെ ഉച്ചത്തിലുള്ള ആശയ സംഘട്ടനമായി മാറിയത്

ബിഗ് ബോസ് വീട്ടിലെ തീവ്ര വിശ്വാസികളില്‍ ഒരാളായ വീണയും അവിശ്വാസിയായ ജസ്ലയും തമ്മിലുള്ള ഏറ്റുമുട്ടില്‍ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളാണ് സൃഷ്ടിച്ചത്. കോമണ്‍ ഹാളിലിരുന്ന് ജസ്ലയും വീണയും കൂടി ശാന്തമായി ആരംഭിച്ച ചര്‍ച്ചയാണ് പിന്നാലെ ഉച്ചത്തിലുള്ള ആശയ സംഘട്ടനമായി മാറിയത്. ഏകദൈവ വിശ്വാസമുള്ള ഇസ്ലാമില്‍ സ്ത്രീ-പുരുഷ അസമത്വമുണ്ടെന്ന് പറഞ്ഞ് പൊതുവില്‍ മതവിമര്‍ശനം നടത്തുകയായിരുന്നു ജസ്ല. എന്നാല്‍ വീണ ഉടന്‍ ഇതിന് പ്രതികരണവുമായി എത്തി. താന്‍ താലിയും സിന്ദൂരവും ഇടുന്നത് എന്തിനാണെന്ന മറുചോദ്യത്തോടെയായിരുന്നു വീണയുടെ തുടക്കം. ‘ഇതെന്റെ വിശ്വാസമാണ്. ഷൂട്ടിന് പോയാല്‍ പോലും ഞാനിത് മാറ്റിവെക്കാറില്ല. വിശ്വാസികളുടെ താല്‍പര്യങ്ങളെ ബഹിഷ്‌കരിക്കാന്‍ അവിശ്വാസികള്‍ക്ക് അധികാരമില്ല. ഒരു ലക്ഷം പേരെ എടുത്താല്‍ പത്തോ പതിനഞ്ചോ പേര്‍ കാണും അവിശ്വാസികള്‍. എവിടെയും ഭൂരിപക്ഷത്തിനാണ് പ്രാധാന്യം. ഉദാഹരണത്തിന് ക്യാപ്റ്റന്‍സി ടാസ്‌ക് നടക്കുമ്പോള്‍ എന്തുകൊണ്ട് ഭൂരിപക്ഷമുള്ള ആളുകളെ എടുക്കുന്നു?’, വീണ ചോദിച്ചു.

എന്നാല്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വിഷയം ഈ തരത്തില്‍ സംസാരിക്കുന്നത് തെറ്റാണെന്നായിരുന്നു ജസ്ലയുടെ മറുപടി. ന്യൂനപക്ഷത്തിന് രാജ്യത്ത് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളുമുണ്ടെന്നും കേരളത്തില്‍ എന്തിനാണ് ബീഫ് ഫെസ്റ്റ് നടന്നതെന്ന് അറിയുമോയെന്നും ജസ്ല വീണയോട് ചോദിച്ചു. ‘ഭൂരിപക്ഷത്തിന്റെ തീരുമാനം അംഗീകരിക്കുകയാണെങ്കില്‍ ഇവിടെ ബീഫ് നിരോധിക്കുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷേ ഇവിടെ ഒരു ന്യൂനപക്ഷം അത് കഴിക്കുന്നവരുണ്ട്. ആദ്യം ഭരണഘടന പഠിക്കൂ’ ജസ്ല പറഞ്ഞു.

എന്നാല്‍ ഭൂരിപക്ഷമേ എന്നും ജയിക്കൂ എന്നായിരുന്നു വീണയുടെ പ്രതികരണം. ഭരണഘടന പഠിച്ചിട്ടല്ല ഞാന്‍ ഇവിടെവരെ എത്തിയതെന്നും വീണ പറഞ്ഞു. എന്നാല്‍ നിങ്ങള്‍ ഇങ്ങനെ സംസാരിച്ചത് എന്തിനാണെന്നുപോലും തനിക്കറിയില്ലെന്നായിരുന്നു ജസ്ലയുടെ പ്രതികരണം. നിങ്ങള്‍ പലപ്പോഴും ഒന്നും അറിയാതെയാണ് സംസാരിക്കുന്നതെന്നും നിങ്ങള്‍ മുന്‍പ് നടത്തിയിട്ടുള്ള സംഭാഷണങ്ങള്‍ പലതും കേട്ടിട്ടുണ്ടെന്നും വീണ പറഞ്ഞു. ‘നിങ്ങള്‍ പല സ്ഥലത്തും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഇങ്ങനെ നേര്‍ക്കുനേരെ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. ഭരണഘടനയിലല്ല ദൈവത്തിലാണ് എന്റെ വിശ്വാസം. ഭര്‍ത്താവിനെ ദൈവത്തെപ്പോലെ പൂജിക്കുന്ന ഒരു പെണ്ണാണ് ഞാന്‍. താന്‍ 24 വയസ്സുള്ള ഒരു കൊച്ചുകുട്ടിയാ, ആദ്യം വളര് കുറച്ച്’, വീണ പറഞ്ഞു.

‘കുറേ തടി വെച്ച് സംസാരിച്ചിട്ട് കാര്യമില്ല’, എന്നായിരുന്നു ഇതിനോടുള്ള ജസ്ലയുടെ മറുപടി. എന്നാല്‍ ജസ്ല തന്നെ ബോഡി ഷെയ്മിംഗ് നടത്തിയതാണെന്നായിരുന്നു വീണയുടെ പ്രതികരണം. താന്‍ നടത്തിയത് ബോഡി ഷെയ്മിംഗ് അല്ലെന്നും വളര് എന്ന് പറഞ്ഞതിന് മറുപടി പറഞ്ഞതാണെന്നും ജസ്ല. നിങ്ങള്‍ കുലസ്ത്രീ പരിവേഷത്തില്‍ തന്നോട് സംസാരിക്കരുതെന്നും ജസ്ല പറഞ്ഞു. തുടര്‍ന്ന് പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു വീണയുടെ പ്രതികരണം. ‘കുലസ്ത്രീ എന്നൊന്നും പറഞ്ഞ് എന്റടുത്ത് വരണ്ട, അതൊക്കെ നിങ്ങള് ഫേസ്ബുക്കില്‍ ചെന്ന് പറഞ്ഞാല്‍ മതി.’ വീണ പറഞ്ഞു.

ഏറെനേരം നീണ്ടുനിന്ന ആശയസംഘട്ടനത്തിന് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു മറ്റുള്ളവര്‍. എന്നാല്‍ ചര്‍ച്ചയുടെ മട്ടും ഭാവവും മാറി ഒരു പൊട്ടിത്തെറിയിലേക്ക് എത്തുന്ന ഘട്ടമെത്തിയപ്പോള്‍ പതുക്കെ ഓരോരുത്തരായി അവിടേക്കെത്തി ഇരുവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button