അഭിനയ മികവുകൊണ്ടും തന്റേതായ നിലപാടുകൾകൊണ്ടും മലയാള സിനിമയിൽ വേറിട്ടു നിൽക്കുന്ന താരമാണ് നിമിഷ സജയൻ. മലയാളത്തിലെ ശക്തമായ നായികാനിരയിലാണ് നിമിഷയുടെ സ്ഥാനം. ഇപ്പോഴിതാ രാഷ്ട്രീയത്തിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് നിമിഷ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം പറഞ്ഞത്. “ഏതൊരു ആർട്ടിസ്റ്റിനെയും പോലെ നല്ല സിനിമകൾ കിട്ടണം എന്നാണ് ആഗ്രഹം. സിനിമയായതു കൊണ്ട് ഒന്നും പറയാൻ പറ്റില്ല. എല്ലാം പ്രവചനാതീതമാണ്. എങ്കിലും പ്രതീക്ഷിക്കാമല്ലോ! അതേ സമയം ആശങ്കയുടെയും സമയമാണ്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്ത് പുകയുന്ന എല്ലാ പ്രശ്നങ്ങളും വേദനിപ്പിക്കുന്നതാണ്. നാടിന്റെ സമാധാനം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.”നിമിഷ പറഞ്ഞു.
”എല്ലാരും തുല്യരാകുന്ന, ഒരുമയോടെ നിൽക്കുന്ന നാളുകളാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ നിലപാട് ഞാനീ വിഷയത്തിൽ ആദ്യമേ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് എറണാകുളത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതും. അഭിനേതാവ് എന്നതിനേക്കാൾ ഒരു ഇന്ത്യൻ പൗരയാണെന്ന ബോധം കൂടിയുണ്ട്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാർക്കുമുണ്ട്. അത് പ്രൊഫഷണല്ല, തീർത്തും വ്യക്തിപരമായിട്ടുള്ള കാര്യമാണ്. അതിന്റെ പേരിൽ എന്ത് മോശം അഭിപ്രായം വന്നാലും ഞാനത് കാര്യമാക്കുന്നില്ല. സത്യസന്ധമായി പെരുമാറാനാണ് പഠിച്ചിട്ടുള്ളത്.പലപ്പോഴും കലാകാരന്മാർ ഇത്തരം പ്രതിഷേധങ്ങളിൽ നിന്ന് മാറി നിൽക്കാറാണ് പതിവ്. നമ്മളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഇല്ലാത്തതാണ് അതിന്റെ പ്രശ്നം. പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെയെങ്കിലും രേഖപ്പെടുത്തിയവരുണ്ട്. അതിൽ സന്തോഷമാണ് തോന്നുന്നത്. എല്ലാവർക്കും ആ പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിയണമെന്നില്ല. തിരക്കുള്ള സമയത്ത് പ്രതിഷേധിക്കാൻ കഴിഞ്ഞില്ലെന്ന് കരുതി അവരെ കുറ്റപ്പെടുത്താനും കഴിയില്ല”.-നിമിഷ കൂട്ടിച്ചേർത്തു.
Post Your Comments