മിനി സ്‌ക്രീനിൻ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് ഉപ്പും മുളകിലെ പാറുകുട്ടിയായി എത്തുന്ന അമേയ. പാറുക്കുട്ടി ജനിച്ച് ആറാം മാസം മുതലാണ് അഭിനയത്തിലേക്ക് കടന്നത്. എന്നാൽ പാറുകുട്ടിയ്ക്ക് മുൻപേ മിനി സ്‌ക്രീൻ ഇരു കൈയും നീട്ടി സ്വീകരിച്ച താരമാണ് ബേബി അക്ഷര. അക്ഷര എന്ന പേരിനേക്കാളും, പ്രേക്ഷകർക്ക് കൂടുതൽ പരിചയം ബാലമോൾ എന്ന് പറയുന്നതാകും. ചെറുപ്പത്തിൽ തന്നെ ഒറ്റ സീരിയൽ കൊണ്ട് മലയാളക്കരയുടെ മനസ്സ് മുഴുവൻ കീഴടക്കിയ താരമാണ് ഈ കൊച്ചുമിടുക്കി. സീരിയലുകൾക്ക് ശേഷമാണ് ബാലമോൾ നേരെ സിനിമയിലേക്ക് കടക്കുന്നത്. ആടുപുലിയാട്ടം, ഹലോ നമസ്തേ , വേട്ട തുടങ്ങി നിരവധി സിനിമകളിലൂടെയും ഈ താരം ബിഗ് സ്ക്രീനിലും നിറഞ്ഞു. കാർട്ടൂൺ സീരീസുകൾ കാണുന്നതിനേക്കാളും തനിക്ക് പ്രിയം മലയാളം സിനിമകൾ കാണുന്നതാണെന്നാണ് താരത്തിന്റെ അഭിപ്രായം.
സൗന്ദര്യ സങ്കല്പ്പങ്ങൾക്ക് വേറിട്ട ഭാവം നൽകിയ പരമ്പരയായിരുന്ന കറുത്തമുത്തിലെ ബാലമോളായിട്ടാണ് താരം മിനി സ്‌ക്രീൻ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ബാലചന്ദ്രനായി കടന്നുവന്ന കിഷോർ സത്യയുടേയും, കാർത്തുവിന്റെയും മകൾ ബാലയായിട്ടാണ് അക്ഷര സീരിയലിൽ എത്തിയത്.
അക്ഷരയുടെ പേരിലെ കിഷോർ എന്നത്, നടൻ കിഷോർ സത്യയുമായി ഉള്ള എന്തെങ്കിലും ബന്ധം ആണോയെന്നായിരുന്നു ആദ്യകാലങ്ങളിൽ പ്രേക്ഷകരുടെ സംശയം. അഭിനയത്തിൽ മാത്രമല്ല, പഠനത്തിലും നൃത്തത്തിലും, പാട്ടിലും മിടുക്കിയാണ് അക്ഷര. കണ്ണൂർ സ്വദേശിയായ അക്ഷരയുടെ കുടുംബം ഇപ്പോൾ എറണാകുളം വെണ്ണലയിലാണ് സ്ഥിര താമസം. ആർക്കിടെക്ടായ കിഷോറിന്റെയും, ബാങ്ക് ജീവനക്കാരി ഹേമപ്രഭയുടെയും മകളാണ് അക്ഷര കിഷോർ.അഖില കിഷോർ ആണ് താരത്തിന്റെ ചേച്ചി. സീരിയലിലേക്ക് എത്തും മുന്നേ ചില പരസ്യ ചിത്രങ്ങളിലും അക്ഷര തിളങ്ങിയിട്ടുണ്ട്.
Post Your Comments