സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൊല്ലപ്പെട്ടു. കൊച്ചി തെങ്ങോടിലെ വാടക വീട്ടിലാണ് കുത്തിക്കൊലപ്പെടുത്തിയ നിലയിൽ മൃതദേഹംകണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ടാറ്റൂ ആർട്ടിസ്റ്റിനെ കാണാതായി. സെക്കന്ദരാബാദ് യാപ്രാൽ ഐടിഐ എംപ്ലോയീസ് കോളനി സ്വദേശി വിജയ് ശ്രീധർ (28) ആണ് കൊല്ലപ്പെട്ടത്. കാണാതായ സുഹൃത്ത് ചണ്ഡിരുദ്രനാണു കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണു പൊലീസ്. ഇടച്ചിറയിൽ പുതുതായി തുടങ്ങിയ ബ്യൂട്ടിപാർലറിലെ മാനേജർ കം മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു വിജയ്. ഇവിടെ ജോലിക്കു ചേരാനായി രണ്ടു ദിവസം മുൻപാണ് വിജയിന്റെ സുഹൃത്തു കൂടിയായ ചണ്ഡിരുദ്രൻ കൊച്ചിയില്‍ എത്തിയത്.
ഇന്നലെ രാവിലെയാണു കിടപ്പു മുറിയിൽ വിജയിന്റെ മൃതദേഹം കണ്ടത്. വയറിന്റെ ഇടതു ഭാഗത്ത് ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. കുടലിന്റെ ഒരു ഭാഗം പുറത്തു വന്ന നിലയിലാണ്. മുറിയില്‍ ഗ്ലാസുകൾ പൊട്ടിയ നിലയിൽ കണ്ടെത്തി. മദ്യപാനത്തിനിടയിലെ വാക്കു തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണു സംശയം. മുറിയിൽ താഴെയിട്ട കിടക്കയിലാണു വിജയിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടത്. ഒരു കുത്തേ ഏറ്റിട്ടുള്ളു. ഇത് ആഴത്തിലുള്ളതായതിനാൽ മരണകാരണമായി. കുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല. മൂർച്ചയും നീളവുമുള്ള വസ്തുവാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മിഷണർ ടി.ആർ. രാജേഷ് പറഞ്ഞു.
ബ്യൂട്ടിപാർലർ ജീവനക്കാർക്കു താമസിക്കാൻ സ്ഥാപന ഉടമ വാടകയ്ക്കെടുത്ത വീട്ടിൽ ഒരു വനിത ഉൾപ്പെടെ 5 പേരാണു താമസിച്ചിരുന്നത്. വനിത മുകൾ നിലയിലും താഴത്തെ 2 മുറികളിലായി 2 പേർ വീതവുമായിരുന്നു താമസം.
തലേന്നാൾ രാത്രി 11.30വരെ ബ്യൂട്ടിപാർലർ ഉടമയും ഇവർക്കൊപ്പമുണ്ടായിരുന്നു. താൻ മടങ്ങും വരെ അസ്വഭാവികമായ സംസാരം ഉണ്ടായില്ലെന്ന് ഉടമ പൊലീസിനു മൊഴി നൽകി.
മുൻവൈരാഗ്യത്തിന്റെ പേരിൽ മേക്കപ്പ് ആർട്ടിസ്റ്റ് വിജയ് ശ്രീധറിനെ ചണ്ഡിരുദ്രൻ അപായപ്പെടുത്തിയതാണോ എന്ന സംശയത്തിലാണ് പോലീസ്. ഒരാളെ ഒറ്റക്കുത്തിനു കൊല്ലാൻ പാകത്തിനുള്ള ആയുധം ഉപയോഗിക്കണമെങ്കിൽ മുൻകൂട്ടിയുള്ള ആസൂത്രണം തള്ളിക്കളയാനാകില്ലെന്നു പൊലീസ് പറഞ്ഞു. മൂർച്ചയുള്ള ആയുധം ഇയാൾ നേരത്തെ കൈവശം കരുതിയിരിക്കണം. കൃത്യം നിർവഹിച്ചു മടങ്ങിയപ്പോൾ ആയുധം വഴിയിൽ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നും പൊലീസ് കരുതുന്നു. വീട്ടു വളപ്പിലും പരിസരങ്ങളിലും പരിശോധിച്ചെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല.
Post Your Comments