ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ വിരളമായി സംഭവിച്ചു കൊണ്ടിരുന്ന വേളയിലാണ് ഒരു അഡാറ് ഞെട്ടല്‍ നല്‍കി കൊണ്ട് മിഥുന്‍ മാനുവല്‍ തോമസ് എന്ന സംവിധായകന്റെ വരവ്. ‘അഞ്ചാം പാതിരാ’ എന്ന മിഥുന്‍ മാനുവല്‍ തോമസ് ചിത്രം പ്രേക്ഷകര്‍ മലയാളത്തിന്റെ രാക്ഷസനായി വാഴ്ത്തുമ്പോള്‍ ഒരു സമയത്ത് താന്‍ മലയാള സിനിമയുടെ മുന്നേറ്റം കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ടെന്നും അതിലുപരി അസൂയ തോന്നിയിട്ടുണ്ടെന്നും തുറന്നു പറയുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. ത്രില്ലര്‍ സിനിമകള്‍ ചെയ്യുന്നവരോട് തനിക്ക് അസൂയ തോന്നാറില്ലെന്നും, അതിന്റെ കാരണത്തെക്കുറിച്ചും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ മിഥുന്‍ മാനുവല്‍ തോമസ് വ്യക്തമാക്കുന്നു.
‘മലയാളത്തില്‍ ഇനിയും ത്രില്ലര്‍ സിനിമകള്‍ സംഭവിക്കട്ടെ, അത് എനിക്ക് വ്യക്തിപരമായി വല്ലാത്ത സന്തോഷം നല്‍കുന്നു. രാക്ഷസനും, ഡാര്‍ക്കും, സ്പാനിഷ് കൊറിയന്‍ ത്രില്ലറുകളും കണ്ടു അതിശയിച്ചിരിക്കുന്ന നമുക്ക് ഇടയിലേക്ക് നമ്മുടെ സിനിമ മേഖലയില്‍ നിന്ന് തന്നെ അത്തരം സിനിമകള്‍ വരട്ടെ. എനിക്ക് ത്രില്ലര്‍ സിനിമകള്‍ എടുക്കുന്നവരോട് അസൂയ ഇല്ല. കാരണം, എനിക്ക് അറിയാം എനിക്ക് ഇനിയും ത്രില്ലര്‍ സിനിമകള്‍ ചെയ്യാന്‍ കഴിയുമെന്ന്. മറ്റു ആര് ത്രില്ലര്‍ സിനിമ എഴുതുന്ന പോലെയും, ക്രൈം ഡ്രാമ എഴുതുന്നത് പോലെയും ചെയ്യാന്‍ എനിക്ക് കഴിയും. പക്ഷെ ‘ദൃശ്യം’ പോലെ ഒന്നും ത്രില്ലര്‍ എഴുതാന്‍ എനിക്ക് കഴിയില്ല. അത്രയും ഫാമിലി ടച്ചില്‍ നിന്ന് കൊണ്ട് എഴുതാന്‍ പറ്റില്ല. നേരെ മറിച്ച് അല്‍ഫോന്‍സ് പുത്രന്‍ ‘പ്രേമം’ ചെയ്തപ്പോള്‍ അസൂയ മൂത്ത് എന്റെ കണ്ണ് പൊട്ടിത്തെറിക്കുന്ന ഒരു അവസ്ഥ വരെയുണ്ടായി കാരണം എനിക്ക് ഒരിക്കലും ചെയ്യാന്‍ സാധിക്കില്ല അങ്ങനെയൊരു സിനിമ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേന്‍’ കണ്ടപ്പോള്‍ ശെടാ ഇത് ഇദ്ദേഹത്തിനു എങ്ങനെ സാധിക്കുന്നു എങ്ങനെ ഇത്രയും ഭംഗിയായി മേക്ക് ചെയ്യുന്നു എന്നോര്‍ത്ത് അസൂയതോന്നിയിട്ടുണ്ട്. അങ്ങനെ മലയാള സിനിമയില്‍ അടുത്തിടെയായി എന്നെ അസൂയപ്പെടുത്തിയിട്ടുള്ള നിരവധി ഫിലിം മേക്കേഴ്സ് ഉണ്ടായിട്ടുണ്ട്. ഇനി ഞാനടക്കമുള്ള ത്രില്ലര്‍ സിനിമകള്‍ ചെയ്യുന്നവരെ കുറച്ചു പേര്‍ അസൂയയോടെ നോക്കട്ടെ’.മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.
Post Your Comments