ഡയാന മറിയം കുര്യൻ എന്നു പറയുന്നതിനെക്കാൾ നയൻതാര എന്നു പറയുന്നതാവും പ്രേക്ഷകർക്ക് മനസിലാക്കാൻ എളുപ്പം. പത്തനംതിട്ട ജില്ലയിലെ തിരുവല്ലാക്കാരിയായ ഡയാന നയൻതാരയായത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ആദ്യ ചിത്രത്തിലൂടെയാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ്.
കഴിഞ്ഞദിവസം എരമല്ലൂർ സ്വദേശിയായ ജോൺ ഡിറ്റോ പിആർ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. കുറിപ്പിൽ പറയുന്നത് ഡയാന എന്ന പേര് മാറ്റി നയൻതാര എന്ന പേര് നിർദേശിച്ചത് താനാണ് എന്നായിരുന്നു. എന്നാൽ ജോണിന്റെ വാക്കുകൾ നിഷേധിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ജോൺ ഡിറ്റോ ആരാണെന്ന് തനിക്കറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.
“ഇങ്ങനെയൊരു തർക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നു പോലും ഞാൻ കരുതുന്നില്ല. മനസിനക്കരെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ ഞാനും രഞ്ജൻ പ്രമോദും ആലോചിച്ചുണ്ടാക്കിയ ചില പേരുകൾ ഒരു ലിസ്റ്റായി എഴുതി നയൻതാരയ്ക്ക് കൊടുത്തു. നയൻതാര തന്നെയാണ് അതിൽ നിന്ന് ഇഷ്ടപ്പെട്ട പേര് തിരഞ്ഞെടുത്തത്,” സത്യൻ അന്തിക്കാട് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
Post Your Comments