കേരള ജനത ഒന്നടങ്കം കണ്ടുനിന്ന ഒരു അപൂർവ ദൃശ്യമായിരുന്നു മരടിലെ ഫ്ലാറ്റുപൊളിക്കൽ. പൊളിഞ്ഞുവീഴുന്ന ഫ്ളാറ്റുകളെ നോക്കി ആർപ്പുവിളിച്ച ജനങ്ങളുടെ ഇടയിൽ കിടപ്പാടം നഷ്ടപെട്ട 357 കുടുമ്പങ്ങളുടെ നെഞ്ചിലെ വിങ്ങൽ നമ്മൾ കണ്ടതാണ്. ഒരു സുപ്രഭാതത്തിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ജീവിത ദുരന്തത്തിന്റെ കഥ ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ ഒരുങ്ങുകയാണ് കണ്ണൻ താമരക്കുളം. മരടിൽ യഥാർത്ഥത്തിൽ സംഭവിച്ചതിന്റെ നേർക്കാഴ്ചയാണ് ചിത്രത്തിൽ വിവരിക്കുന്നത്. ഭൂമാഫിയയുടെ ചതിക്കുഴിയിൽ വീണ് ജീവിതം തന്നെ അവതാളത്തിലാകുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ചിത്രത്തിലൂടെ കണ്ണൻ പറയാൻ ഒരുങ്ങുന്നത്.
കോടതി ഉത്തരവ് വന്നതിന് ശേഷം ഫ്ളാറ്റിലെ 357 കുടുംബങ്ങൾ അനുഭവിച്ച മാനസിക സംഘർഷങ്ങൾ അതേ ആഴത്തിൽ ഈ സിനിമയിൽ സൃഷ്ടിക്കും. ഭൂമാഫിയയ്ക്കെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ ഈ സിനിമ സഹായിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
പട്ടാഭിരാമൻ എന്ന സിനിമയ്ക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 ൽ അനൂപ് മേനോനാണ് നായകൻ. ധർമ്മജൻ ബോൾഗട്ടി, ഷീലു എബ്രഹാം, നൂറിൻ ഷെറീഫ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലുള്ളവർ. അബ്രഹാം മാത്യു സ്വർണ്ണലയ, സുദർശൻ കാഞ്ഞിരങ്കുളം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
അനൂപ് മേനോനെ കൂടാതെ സെന്തിൽ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കർ , അലൻസിയർ, പ്രേംകുമാർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷമിടും. ഈ മാസം 30 ന് കൊച്ചിയിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
Post Your Comments