
എന്തിനാണ്?രാജ്യത്തെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ എടുക്കുന്നത്? വേറെ എന്തൊക്കെ കഥകളുണ്ട്, ഇത്തരത്തിലുള്ള കഥകള്‍ എന്തിനാണ്, സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന കാറ്റ്, കടല്‍, അതിരുകള്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് സിബിഎഫ്സിയുടെ റീജിയണല്‍ ബോര്‍ഡ് അംഗങ്ങള്‍ ചോദിച്ച ചോദ്യമാണിത്.
ചോദിക്കുക മാത്രമല്ല ഇവർ ചെയ്തത് ‘കാറ്റ്, കടല്‍, അതിരുകള്‍’ എന്ന ഈ ചിത്രം രാജ്യാന്തര സൗഹൃദത്തെ ബാധിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി അനുമതി നല്‍കിയതുമില്ല. തുടര്‍ന്ന് റിവ്യു കമ്മിറ്റിയെ സമീപിച്ച അണിയറ പ്രവര്‍ത്തകരോട് മറ്റു ചില വിചിത്ര നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവച്ചത്. പശുവിനെ കാണിക്കാന്‍ പാടില്ല, പശുവിനെക്കുറിച്ച് സംസാരിക്കുന്ന സംഭാഷണങ്ങളെല്ലാം നിശബ്ദമാക്കണം.
രോഹിങ്ക്യന്‍, തിബറ്റന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം, അവരുടെ ക്യാമ്പുകളില്‍ നിന്നുള്ള യഥാര്‍ത്ഥ ദൃശ്യങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. ഇതിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യാമായിട്ടാണ് അഭയാര്‍ത്ഥികളുടെ ജീവിത സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു ചിത്രം വരുന്നത്. അഭയാര്‍ത്ഥികളെ അതിക്രമിച്ചു കയറിയവരായി ചിത്രീകരിക്കുന്ന ഒരുവിഭാഗത്തിന് ഇതൊട്ടും ദഹിക്കണമെന്നില്ല, അതാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്ത് കെ സജിമോന്‍ പറഞ്ഞു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
പശുക്കടത്താരോപിച്ച് രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളും ഗോസംരക്ഷകരുടെ അക്രമങ്ങളുമെല്ലാം ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പൗരത്വ നിയമത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. നവംബറില്‍ റിലീസ് നിശ്ചയിച്ചിരുന്ന സിനിമയാണ്. ഇത്രയമൊക്കെ വിയര്‍പ്പൊഴുക്കിയ ശേഷം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നാല്‍ ശരിയാകില്ല എന്ന് കരുതി നിബന്ധനകള്‍ അംഗീകരിക്കുകകായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമത്തിന് എതിരുതന്നെയാണ് ഞങ്ങളുടെ സിനിമ. മനുഷ്യത്വമാണ് അതിന്റെ ഭാഷ. കാറ്റ്, കടല്‍, അതിരുകള്‍ എന്നീ മൂന്നൂ സെഗ്മെന്റുകളായാണ് കഥ പറയുന്നത് തിരക്കഥാകൃത്ത് കെ സജിമോന്‍ പറഞ്ഞു.
ചിത്രം ഈ വരുന്ന 31ന് തീയേറ്ററുകളിലെത്തുകയാണ്. പശുവെന്ന വാക്കിനെയല്ലെ നിശബ്ദമാക്കാന്‍ കഴിയൂ, ചിത്രം പറയുന്ന മാനുഷികതയുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലല്ലോ എന്നാണ് അണിയറ പ്രവര്‍ത്തകരുടെ നിലപാട്.
Post Your Comments