Latest NewsMollywoodMovie Gossips

”സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവിലക്ഷണമായിരുന്നു” ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾ ഫേസ്ബുക്കിൽ പങ്കുവെച്ച് റഫീഖ് അഹമ്മദ്

കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പങ്കുവെച്ച കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾ വൈറലാകുന്നു. മലയാളികളുടെ ബുദ്ധിജീവി ചമയലിനെ പരിഹസിക്കുന്ന വരികളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പങ്കുവെച്ച കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾ വൈറലാകുന്നു. മലയാളികളുടെ ബുദ്ധിജീവി ചമയലിനെ പരിഹസിക്കുന്ന വരികളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുന്നത് ബുദ്ധിജീവി ലക്ഷണമായിരുന്നുവെന്നും ശ്രുതിയും താളവും തെറ്റിയാൽ  മനസ്സിലാക്കാൻ കഴിവില്ലാത്ത, സ്വരമോ താളമോ തിരിച്ചറിയാൻ പോലും കഴിവില്ലാത്ത ബുദ്ധിജീവികൾ വലിയ സംഗീതജ്ഞരുടെയും രാഗങ്ങളുടെയും ഒക്കെ പേരുകൾ പറഞ്ഞ് അറിവില്ലാത്തവരെ വിരട്ടി വലിയ സംഗീതാസ്വാദകരായി ഭാവിക്കുമെന്നും ചുള്ളിക്കാട് പറയുന്നു .

എന്നാൽ പാശ്ചാത്യ സർവ്വകലാശാലകളിൽ ജനപ്രിയകല പഠനവിഷയമായതോടെ നമ്മുടെ ബുദ്ധിജീവികളും കുരങ്ങന്മാരെ പ്പോലെ ആ വഴിക്ക് നീങ്ങാൻ തുടങ്ങി എന്നും കവി പരിഹസിക്കുന്നു. എന്തായാലും കുട്ടിക്കാലം മുതൽ സിനിമാപ്പാട്ടുകളെയും യേശുദാസിനെയും നിർഭയം നിർലജ്ജം ഞാൻ ആരാധിച്ചുപോരുന്നു എന്നാണ് ചുള്ളിക്കാടിന്റെ ഏറ്റു പറച്ചിൽ.

അറുനൂറിലേറെ ചലച്ചിത്ര ഗാനങ്ങൾ എഴുതിയിട്ടുള്ള റഫീഖ് അഹമ്മദ് കേരള സാഹിത്യ അക്കാദമി പുരസ്കാരവും അഞ്ചു തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള അവാർഡും നേടി. എന്നാൽ കവി എന്ന നിലയിൽ അറിയപ്പെട്ട  ചുള്ളിക്കാടിന്‍റെ ചുരുക്കം ചില സിനിമകളിലെ പാട്ടുകൾ ഒന്നും തന്നെ ജനപ്രീതിക്കോ പുരസ്കാരങ്ങൾക്കോ അർഹമായില്ല.

സിനിമാപ്പാട്ട് എഴുതാൻ പലവട്ടം ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടവൻ എന്ന് സ്വയം വിശേഷിപ്പിച്ച ചുള്ളിക്കാട് താൻ റഫീക്കിന്റെ ആരാധകനാണ് എന്നുകൂടി പറയുന്നുണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ  വാക്കുകൾ –

റഫീക്ക് അഹമ്മദിന്റെ ഒരു ആരാധകൻ.

ബാലചന്ദ്രൻ ചുള്ളിക്കാട്

ശരാശരി മലയാളി ബുദ്ധിജീവിയാണ്. ഞാൻ ബുദ്ധിജീവിയല്ല. വികാരജീവിയാണ്. വൈകാരികലോകത്തെ സ്പർശിക്കുന്ന കവിതകളാണ് എനിക്കിഷ്ടം. അതിനാൽ റഫീക്ക് അഹമ്മദിന്റെ കവിതകൾ എനിക്ക് എന്നും ഇഷ്ടമായിരുന്നു. എന്നാൽ റഫീക്ക് സിനിമാപ്പാട്ട് എഴുതിയതോടെയാണ് ഞാൻ അദ്ദേഹത്തിന്റെ ആരാധകനായി മാറിയത്.

സിനിമാപ്പാട്ട് എഴുതാൻ പല വട്ടം ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട എനിക്ക് റഫീക്ക് അഹമ്മദിനോട് ആരാധന തോന്നിയതിൽ അത്ഭുതമില്ല. സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവിലക്ഷണമായിരുന്നു. ശ്രുതിയും താളവും തെറ്റിയാൽ അതു മനസ്സിലാക്കാൻ കഴിവില്ലാത്ത, ഒരു സ്വരമോ താളമോ തിരിച്ചറിയാൻ പോലും കഴിവില്ലാത്ത ബുദ്ധിജീവികൾ വലിയ സംഗീതജ്ഞരുടെയും രാഗങ്ങളുടെയും ഒക്കെ പേരുകൾ പറഞ്ഞ് അറിവില്ലാത്തവരെ വിരട്ടി വലിയ സംഗീതാസ്വാദകരായി ഭാവിക്കും.

(പാശ്ചാത്യ സർവ്വകലാശാലകളിൽ ജനപ്രിയകല പഠനവിഷയമായതോടെ നമ്മുടെ ബുദ്ധിജീവികളും വാനരത്വേന ആവഴിക്ക് നീങ്ങാൻ തുടങ്ങി.) എന്തായാലും കുട്ടിക്കാലം മുതൽ സിനിമാപ്പാട്ടുകളെയും യേശുദാസിനെയും നിർഭയം നിർലജ്ജം ഞാൻ ആരാധിച്ചുപോരുന്നു. വയലാറിന്റെയും പി.ഭാസ്കരന്റെയും ഒ.എൻ.വിയുടെയും കവിതകളെക്കുറിച്ച് എനിക്ക് എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഞാൻ അവരുടെ ഗാനപ്രപഞ്ചത്തെ ആരാധിക്കുന്നു. സ്വാഭാവികമായും ഞാൻ റഫീക്ക് അഹമ്മദിനെയും ആരാധിക്കുന്നു.

പ്രിയസുഹൃത്തേ, ഇനിയുമിനിയും എന്റെ നരകങ്ങളെ ഗാനസാന്ദ്രമാക്കുക.

shortlink

Related Articles

Post Your Comments


Back to top button