ഇരുട്ടുനിറഞ്ഞ തിയേറ്ററുകളെ കുറിച്ചോര്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് തന്റെ നേര്‍ക്കുവരുന്ന കൈകളാണ് ഓര്‍മ വരികയെന്ന് സിനിമാതാരം പദ്മപ്രിയ. സ്ത്രീ എവിടെയും സുരക്ഷിതയല്ലെന്നും പദ്മപ്രിയ പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മൂവിങ് ഇമേജസ് ആന്‍ഡ് ടൈംസ് എന്ന വിഷയത്തില്‍ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു പദ്മപ്രിയ.
ലൂമിയര്‍ സഹോദരങ്ങളില്‍ നിന്നും അനലോഗുകളിലേക്കും ശേഷം ഇന്ന് എത്തിനില്‍ക്കുന്ന നവയുഗ സിനിമകളിലേക്കും വന്നപ്പോഴുണ്ടായ മാറ്റങ്ങള്‍ വിവരിച്ച പദ്മപ്രിയ, കാഴ്ച എന്ന മലയാള സിനിമ അനലോഗ് വിദ്യയാണ് ഉപയോഗിച്ചതെന്നും അതില്‍ കുറഞ്ഞ ഷോട്ടുകളാണ് ഉണ്ടായിരുന്നതെന്നും അതില്‍ തന്നെ സീന്‍ മികച്ചതാക്കേണ്ടി വന്നെന്നും ഓര്‍ത്തെടുത്തു. ഡിജിറ്റല്‍ പ്ലാറ്റഫോമിലെ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നിവയെ സൂചിപ്പിച്ചതോടൊപ്പം ഇവ സിനിമ മേഖലയെ എങ്ങനെ മാറ്റിമറിക്കുന്നു എന്നും പറഞ്ഞു. ഇന്നത്തെ തലമുറ താരങ്ങളേക്കാള്‍ ഉപരി കഥകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും പദ്മപ്രിയ അഭിപ്രായപ്പെട്ടു.
ഇരുട്ടു മുറികളില്‍ നിന്ന് ഇന്നത്തെ സിനിമാ ആസ്വാദന രീതികള്‍ വ്യത്യസ്തമാണെന്നും വെര്‍ച്ച്വൽ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകളാണ് നാം ഇന്ന് ഉപയോഗിക്കുന്നത്. ഇരുട്ടുനിറഞ്ഞ തിയേറ്ററുകളെ കുറിച്ചോര്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് തന്റെ നേര്‍ക്കുവരുന്ന കൈകളാണ് ഓര്‍മ വരിക എന്ന് കൂട്ടിച്ചേര്‍ത്ത പദ്മപ്രിയ സ്ത്രീ എവിടെയും സുരക്ഷിതയല്ല എന്നു പറയാതെ പറഞ്ഞു.
Post Your Comments