CinemaGeneralLatest NewsMollywoodNEWS

കറുത്ത നായികയെ അവതരിപ്പിക്കാൻ വെളുത്ത നായികയെ കറുത്ത പെയിന്റ് അടിച്ചു ഫാൻസി ഡ്രസ് നടത്തുന്ന കാലത്തിൽ നിന്നും മലയാള സിനിമ മുന്നോട്ട് പോയിട്ടില്ല; പാര്‍വതി രാച്ചിയമ്മയാകുന്നതിനെതിരെ വിമര്‍ശനവുമായി ഡോ. ബിജു

നോവലിലെ രാച്ചിയമ്മയും പാര്‍വ്വതിയുടെ ലുക്കും തമ്മിലുള്ള വ്യത്യാസം ഓര്‍മ്മിപ്പിച്ച് അഡ്വ. കുക്കു ദേവകിയും ദീപ നിശാന്തും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ഉറൂബിന്റെ പ്രശസ്ത നോവലായ രാച്ചിയമ്മ സിനിമയാകുന്ന വിവരം പുറത്ത് വന്നത്.   നടി പാര്‍വ്വതിയും ആസിഫ് അലിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാച്ചിയമ്മയുടെ ലുക്കിലുള്ള പാര്‍വ്വതിയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കിടിലന്‍ മേക്കോവറിലാണ് പാര്‍വ്വതി പ്രത്യക്ഷപ്പെടുന്നതെങ്കിലും കരിങ്കല്‍ പ്രതിമ പോലുള്ള രാച്ചിയമ്മ എങ്ങനെ വെളുത്തതാകും എന്നാണ് പലരുടെയും സംശയം.

നോവലിലെ രാച്ചിയമ്മയും പാര്‍വ്വതിയുടെ ലുക്കും തമ്മിലുള്ള വ്യത്യാസം ഓര്‍മ്മിപ്പിച്ച് അഡ്വ. കുക്കു ദേവകിയും ദീപ നിശാന്തും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ഡോ. ബിജുവും ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യത്തെ കുറിച്ച് പറയുന്നത്.

കുറിപ്പിന്റയെ പൂർണരൂപം……………..

കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റ് അടിച്ചു ഫാന്‍സി ഡ്രസ്സ് നടത്തുന്ന കാലത്തില്‍ നിന്നും മലയാള സിനിമ ഏറെ ഒന്നും മുന്നോട്ട് പോയിട്ടില്ല എന്നറിയുന്നതില്‍ വലിയ അത്ഭുതം ഒന്നുമില്ല..മലയാള സിനിമയുടെ ജാതി വര്‍ണ്ണ വ്യവസ്ഥകള്‍ പി.കെ.റോസി മുതല്‍ ഏതാണ്ട് മാറ്റമില്ലാതെ തുടരുകയാണല്ലോ..പുതു തലമുറയില്‍ ഗംഭീരമായി അഭിനയിക്കാനറിയുന്ന, കലയും രാഷ്ട്രീയവും സാമൂഹ്യ ബോധവും ആവോളമുള്ള കറുത്ത നിറമുള്ള ഒട്ടേറെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്..എന്നിട്ടും…ഓ മറന്നു പോയി..മലയാള സിനിമ എന്നാല്‍ വെളുത്ത ശരീരം, സവര്‍ണ്ണത, താര മൂല്യം എന്നിവയുടേക്കെ ഒരു കോംബോ ആണല്ലോ..ഏതായാലും കഷ്ടം തന്നെ മലയാള സാഹിത്യത്തില്‍ കറുത്ത നിറം കൊണ്ടും കാരിരുമ്പിന്റെ കരുത്തു കൊണ്ടും അടയാളപ്പെടുത്തിയ ഒരു കഥാപാത്രത്തെ പുനരാവിഷ്‌കരിക്കുമ്പോള്‍ വെളുത്ത ശരീരം കറുപ്പിക്കാന്‍ ബ്‌ളാക്ക് പെയിന്റും ബ്രഷും വാങ്ങാന്‍ പെയിന്റ് കടയിലേക്കോടുന്ന അണിയറ പ്രവര്‍ത്തകരും ആ പെയിന്റ് അടിച്ചു ഫാന്‍സി ഡ്രസ് നടത്തുന്ന അഭിനേത്രിയും ഒക്കെ എന്തു തരം സാമൂഹിക ബോധം ആണ് നമുക്ക് മുന്നിലേക്ക് തുറന്നു വെക്കുന്നത്..
കലയും രാഷ്ട്രീയവും ഒക്കെ ലോകമെമ്പാടും സാമ്പ്രദായിക സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതി കൊണ്ടിരിക്കുന്ന ഒരു കാലമാണ്..ലോകത്തെ ഏറ്റവും പ്രശസ്തമായ കാന്‍ ചലച്ചിത്ര മേളയില്‍ ഈ വര്‍ഷം ജൂറി പ്രസിഡന്റ് ആകുന്നത് സ്‌പൈക് ലീ എന്ന കറുത്ത വംശജനായ സംവിധായകന്‍ ആണ്..

ഹാറ്റി മക് ഡാനിയേല്‍ എന്ന കറുത്ത വംശജയായ അമേരിക്കന്‍ നടി ചരിത്രത്തില്‍ ആദ്യമായി ഒരു ഓസ്‌കാര്‍ നേടിയിട്ട് 80 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു..(1939 ല്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം).2018 ല്‍ ഒപ്‌റാഹ് വിന്‍ഫ്രി എന്ന കറുത്ത വംശജയായ നടിയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ്നുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിക്കുമ്പോള്‍ അവര്‍ നടത്തിയ മറുപടി പ്രസംഗം ചരിത്ര പ്രസിദ്ധമാണ്. പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. കറുത്ത നിറമുള്ള. ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വെളുത്ത നിറമുള്ള താര ശരീരത്തെ കറുത്ത പെയിന്റടിച്ചു ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്ത് തന്നെയാണ് നിങ്ങളൊക്കെ ഇപ്പോഴും നില്‍ക്കുന്നത് എന്നത് നിങ്ങളുടെ കുഴപ്പമല്ല. അത് ഇവിടെ മലയാള സിനിമയില്‍ നില നില്‍ക്കുന്ന സോഷ്യല്‍ ക്‌ളാസ്സിന്റെയും പ്രിവിലേജിന്റെയും സൗന്ദര്യ സങ്കല്പങ്ങളുടെയും നിറത്തിന്റെയും മാറ്റാനാകാത്ത ചിന്തയുടെ കുഴപ്പം കൂടിയാണ്. നിങ്ങളുടെ സിനിമയില്‍ ആരഭിനയിക്കണം എന്നതും വെളുത്ത ശരീരം കറുപ്പടിച്ചു നിറം മാറ്റി അഭിനയിക്കണോ എന്ന് തീരുമാനിക്കുന്നതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യം..നിങ്ങളുടെ അവകാശം..അതിനൊന്നും കുഴപ്പമില്ല പക്ഷെ നാളെ വീണ്ടും പുരോഗമന സാമൂഹിക കാഴ്ചപ്പാടും നിറത്തിന്റെ രാഷ്ട്രീയവും സാമൂഹിക പ്രസക്തിയും പി.കെ.റോസിയുടെ പേരും ഒക്കെ നിങ്ങള്‍ തന്നെ പറയുന്നത് കേള്‍ക്കേണ്ടി വരുമല്ലോ എന്ന് വെറുതെ ഓര്‍ത്തു പോയി…

shortlink

Related Articles

Post Your Comments


Back to top button