സാമൂഹ്യപരിഷ്കർത്താവ് പെരിയാർ ഇവി രാമസ്വാമിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ നടൻ രജനികാന്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ) അംഗങ്ങൾ പൊലീസിൽ പരാതി നൽകി. പെരിയാറിനെ അപമാനിച്ച താരം പരസ്യമായി മാപ്പ് പറയണമെന്നും ഡിവികെ പ്രസിഡന്റ് എം നെഹറുദാസ് പരാതിയിൽ ആവശ്യപ്പെട്ടു.
ജനുവരി 14ന് ചെന്നൈയിൽവച്ച് നടന്ന തുഗ്ലക്ക് മാസികയുടെ അമ്പതാം വാർഷികാഘോഷ പരിപാടിയിലാണ് രജനീകാന്ത് പെരിയാറിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയതെന്നാണ് കോയമ്പത്തൂർ പൊലീസ് കമ്മീഷണർ സുമിത് ശരണിന് നൽകിയ പരാതിയിൽ പറയുന്നത്.
പെരിയാറിൻ്റെ നേതൃത്വത്തിൽ 1971ൽ സേലത്ത് നടന്ന റാലിയിൽ ശ്രീരാമൻ്റെയും സീതയുടെയും നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നുവെന്നായിരുന്നു രജനിയുടെ വിവാദ പരാമർശം. പ്രസ്താവന പിൻവലിച്ച് രജനികാന്ത് പരസ്യമായി മാപ്പ് പറയുന്നത് വരെ താരത്തിന്റയെ പുതിയ ചിത്രം ദർബാർ പ്രദർശിപ്പിക്കുന്ന തിയേറ്ററിന് മുന്നിൽ ഡിവകെ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നെഹ്റുദാസ് പറഞ്ഞു.
Post Your Comments