CinemaGeneralLatest NewsMollywoodNEWS

അഭിനയത്തിൽ തുറന്ന ആകാശം തേടുന്ന ഒരു പക്ഷി മോഹന്‍ലാലിലുണ്ട്, എന്നാൽ മമ്മൂട്ടിയില്‍ അങ്ങനെയൊന്നില്ല ; തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ പറയുന്നു

അഭിനയത്തിലും ശരീരത്തിലും സൗഹൃദത്തിലുമൊക്കെ ആ അഴിച്ചുവിടലാണ് 'ഒടിയനി'ല്‍ അദ്ദേഹം അനന്യമാക്കിയതും

മമ്മൂട്ടിയാണോ മോഹന്‍ലാൽ ആണോ മുന്‍പില്‍ എന്ന് ചോദിച്ചാല്‍ ഒരു മലയാളിക്ക് പോലും കൃത്യം പറയാന്‍ പറ്റില്ല. കാരണം എല്ലാ കാര്യത്തിലും ഇരുവരും ഒന്നിനൊന്ന് മികച്ചാണ് നില്‍ക്കുന്നത്. എത്രയോ വര്‍ഷങ്ങളായി മലയാള സിനിമയിലെ താരരാജാക്കന്മാരായി തുടരുകയാണ് ഇരുവരും. ആരാധകരുടെ കാര്യത്തിലും തുല്യ ബലം തന്നെയാണ് രണ്ട് പേര്‍ക്കും.

ഇപ്പോഴിതാ ദേശീയ പുരസ്‌കാര ജേതാവായ തിരക്കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ഹരികൃഷ്ണന്‍ കോര്‍ണത് താരരാജാക്കന്മാരെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും തിരക്കഥകളൊരുക്കിയ കാലത്തെ കുറിച്ചും അവരുടെ സിനിമകളിലെ പ്രകടനത്തെ കുറിച്ചുമെല്ലാം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ഹരികൃഷ്ണന്‍ പറയുന്നത്.

കുറിപ്പിന്റയെ പൂർണരൂപം………………….

മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി തിരക്കഥകള്‍ എഴുതിയയൊരാളെന്ന നിലയ്ക്ക് അവരെ താരതമ്യപ്പെടുത്തിപ്പറയാമോ എന്ന ചോദ്യം പല സിനിമാ ക്യാംപുകളില്‍ നിന്നും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും കേട്ടു, ഇതേ ചോദ്യം. എത്ര സങ്കീര്‍ണമായ ചോദ്യം! ചെറിയ ചോദ്യങ്ങള്‍ക്കു പക്ഷേ ചെറിയ ഉത്തരങ്ങളില്ല മലയാളിയുടെ സിനിമാ ആസ്വാദനശേഷിയുടെ രണ്ടു പരമാവധി ലെവലുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും.

രണ്ടു മികച്ച നടന്മാര്‍. പക്ഷേ, മമ്മൂട്ടി ചെയ്ത പല റോളുകളും ലാലിന് അങ്ങനെ ചെയ്യാന്‍ പറ്റില്ല, തിരിച്ചും. അതുകൊണ്ടു തന്നെ ഇവര്‍ തമ്മിലൊരു ലളിത താരതമ്യം സാധ്യമല്ലെന്ന് തോന്നുന്നു. ഞാനെഴുതിയ ‘കുട്ടിസ്രാങ്ക്’ മമ്മൂട്ടിക്കു മാത്രം പറ്റുന്ന ഒരു കഥാപാത്രജീവിതമാണ്. പല ഋതുക്കള്‍ സംഗമിക്കുന്നൊരാള്‍. ആകാരത്തിലും അഭിനയത്തിലുമൊക്കെ വല്ലാത്തൊരു പൂര്‍ണതയുണ്ട് മമ്മൂട്ടിക്ക്. അതേസമയം, അതിസുന്ദരമായൊരു അഴിച്ചു വിടലാണ് ലാല്‍; അഭിനയത്തിലും ശരീരത്തിലും സൗഹൃദത്തിലുമൊക്കെ. ആ അഴിച്ചുവിടലാണ് ‘ഒടിയനി’ല്‍ അദ്ദേഹം അനന്യമാക്കിയതും.

തുറന്ന ആകാശം തേടുന്ന ഒരു പക്ഷി മോഹന്‍ലാലിലുണ്ട്. മമ്മൂട്ടിയില്‍ അങ്ങനെയൊരു തുറന്നു വിടലില്ല, ആന്തരികമായൊരു സഞ്ചാരമാണത്. അതുകൊണ്ടാണ് അവര്‍ തമ്മിലൊരു താരതമ്യം സാധ്യമല്ലെന്നു തോന്നുന്നത്. ഏതു സമയത്തും ഏതു കഥാപാത്രത്തിലേക്കും വളരെ മാജിക്കലായി പരകായ പ്രവേശം ചെയ്യുന്ന മോഹന്‍ലാല്‍ ഇപ്പുറത്ത്, സൂക്ഷ്മാഭിനയത്തിന്റെ സാമ്പ്രദായികത മുഴുവന്‍ സ്വാംശീകരിക്കുന്ന മമ്മൂട്ടി എന്ന ഗാംഭീര്യം അപ്പുറത്ത്.

ഗാംഭീര്യം, പൗരുഷം എന്നിങ്ങനെ നമുക്കുള്ള നായക സങ്കല്‍പങ്ങളുടെ മൂര്‍ത്തീകരണമാണ് മമ്മൂട്ടി. പക്ഷേ, സ്വകാര്യനേരങ്ങളിലും അല്ലാത്തപ്പോഴും സ്വയം അഴിച്ചുവിടുന്ന ഒരാളാണ് ലാല്‍. കാറ്റായലയുന്നു ഞാന്‍ ചക്രവാളങ്ങളില്‍ എന്നോര്‍മിപ്പിക്കുന്ന ഒരാള്‍. ഈയിരിക്കുന്നതും ഞാനല്ല, ആ പറക്കുന്നതും ഞാനല്ല എന്നു പറയുന്നൊരാള്‍.

shortlink

Related Articles

Post Your Comments


Back to top button