സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാതിരുന്നാൽ സംഭവിക്കുന്ന ദുരന്തത്തിന് കേരളം സാക്ഷ്യം വഹിച്ചിട്ട് അധികം നാളായിട്ടില്ല. അതു മുൻനിർത്തിയാകണം, ഗണേഷ് കുമാർ എംഎൽഎയുടെ വാക്കുകളെ നിറഞ്ഞ കയ്യടിയോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്. സ്കൂളിൽ ഉദ്ഘാടകനായി എത്തിയപ്പോഴാണ് പരിസരം വൃത്തിയായി അല്ല കിടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞത്. പ്രസംഗിക്കാൻ എത്തിയപ്പോൾ ഇതു ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ അധ്യാപകർക്ക് താക്കീത് നൽകി. സ്കൂൾ വൃത്തികേടാക്കുന്ന വിരുതൻമാരെയും അദ്ദേഹം കയ്യോടെ പൊക്കുകയും ചെയ്തു.
ഗണേഷ് പറയുന്നതിങ്ങനെ :
ഇവിടെ വന്നപ്പോൾ സ്കൂൾ കെട്ടിടം വൃത്തികേടാക്കി ഇട്ടിരിക്കുന്നു. അതുമാത്രമല്ല ഒരു തൂണിൽ റോക്കി എന്നു എഴുതി വച്ചിരിക്കുന്നു. അതെഴുതിയവൻ ഇക്കൂട്ടത്തിലുണ്ട് ആ മാന്യൻ ഒന്നെഴുന്നേൽക്കാമോ? ഞാനൊന്ന് കാണട്ടെ. നിന്നെ ഈ വേദിയിൽ കൊണ്ടുവന്ന് ഒന്ന് അഭിനന്ദിക്കാനാ..ആരാണ് ആ മാന്യൻ. നിങ്ങൾ അവനൊരു കയ്യടി കൊടുക്കണം.
ജീവിക്കുന്ന സ്ഥലം പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോത്തരുടെയും കടമയാണ്. റോക്കി എന്ന് എഴുതിയത് ആരായാലും അതുപോലെ എഴുതിയതെല്ലാം ഞാൻ ഇവിടെ നിന്ന് പോയ ശേഷം കുറച്ച് വെള്ളം കൊണ്ടുവന്ന് മായ്ച്ച് കളയണം. അപ്പോൾ നീ മിടുക്കനാകും. ഇല്ലെങ്കിൽ ഈ കയ്യടി നിന്നെ നാണം കെടുത്താനുള്ളതായിരുന്നെന്ന് ഓർത്തോണം. ഇപ്പോൾ പുതിയ ബെഞ്ചും ഡെസ്ക്കുമെല്ലാം കൊണ്ടുവന്നിട്ടുണ്ട്. അത് നിങ്ങൾക്ക് മാത്രമുള്ളതല്ലെന്ന് ഓർക്കണം. അതിലും കോമ്പസ് കൊണ്ട് പേരെഴുതി വയ്ക്കരുത്.
പിന്നെ ഇവിടുത്തെ പ്രിൻസിപ്പലിനോടും ടീച്ചറോടും ഞാൻ പറയുകയാണ്. ഒരാഴ്ചക്കുള്ളിൽ ഞാൻ ഒന്നുകൂടി വരും. ഈ സ്കൂളിന്റെ പരിസരം വൃത്തിയായിരിക്കണം. അതിന് ഇവിടുത്തെ ജീവനക്കാർ തയാറായില്ലെങ്കിൽ, താൽക്കാലിക ജീവനക്കാരാണ് അവരെങ്കിൽ പിരിച്ചുവിട്ടിരിക്കും. അല്ലെങ്കിൽ സ്ഥലം മാറ്റും. അപ്പോൾ അറിയാം ഗണേഷ് കുമാറിന്റെ സ്വാധീനം എങ്ങനെയുണ്ട്. ഒരു സംശയവും വേണ്ട ഞാൻ മാറ്റിക്കും.’ അദ്ദേഹം പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് വിദ്യാർഥികൾ ഈ വാക്കുകളെ സ്വീകരിച്ചത്.
Post Your Comments