തമിഴകത്തിൻ്റെ മക്കൾ സെൽവം വിജയ് സേതുപതി ഇന്ന് നാൽപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. 1978 ജനുവരി 16നാണ് താരം ജനിച്ചത്. സഹനടനായി സിനിമാ മേഖലയിലേക്ക് എത്തിയ വിജയ് സേതുപതി ഇന്ന് തമിഴകത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. നിർമ്മാതാവായും ഗാനരചയിതാവായും വ്യക്തിമുദ്ര പതിപ്പിച്ച താരത്തിൻ്റെ സിനിമകളും നടനിലെ പ്രതിഭയും ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ഇന്ന് തമിഴ് സിനിമയിലെ മുൻനിര നായക അഭിനേതാക്കളിലെ ഒരു പേര് വിജയ് സേതുപതി യുടെതാണ് . 2018ൽ ബാലാജി തരണീതരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘സീതക്കാത്തി’ എന്ന ചിത്രത്തിലെ വയോധികനായുള്ള വിജയ് സേതുപതിയുടെ പ്രകടനം ദേശീയ തലത്തിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
അക്കൗണ്ടൻ്റായി സിനിമയിലെത്തിയ താരം ആദ്യം ചെറു വേഷങ്ങളിലൂടെയാണ് ശ്രദ്ധേ നേടിയത്. തുടര്ന്ന് 2010ൽ പുറത്തിറങ്ങിയ സീനു രാമസാമി ഒരുക്കിയ തെന്മേർക് പരുവകട്രിൻ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി തിളങ്ങി. പിന്നീട് 2012ൽ സുന്ദരപണ്ഡിയൻ എന്ന സിനിമയിൽ വില്ലൻ കഥാപാത്രമായി ഞെട്ടിച്ചു. പിന്നീട് 2012ൽ തന്നെ പുറത്തിറങ്ങിയ പിസ്സ , നടുവുല കൊഞ്ചം പക്കാതെ കാനോം എന്ന ചിത്രങ്ങളിൽ നായകനായി തിളങ്ങി.
തുടര്ന്ന് വിജയ് സേതുപതിയ്ക്ക് രാജകീയ കാലമായിരുന്നു. അഭിനയമേഖലയിൽ പകച്ചു നിൽക്കേണ്ടി വരികയോ തിരിഞ്ഞു നോക്കേണ്ടി വരികയോ ചെയ്തിട്ടില്ല. താരം പിന്നീട് ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ബോക്സോഫീസിലും പ്രേക്ഷക നിരൂപക പ്രശംസയാലും വലിയ ഹിറ്റായിരുന്നു. പിന്നീടാണ് വിജയ് സേതുപതി മക്കൾ സെൽവനായി മാറിയത്. കഴിഞ്ഞ കൊല്ലം താരത്തിൻ്റേതായി പുറത്തിറങ്ങിയത് ഏഴോളം ചിത്രങ്ങളായിരുന്നു. അതിൽ ഒന്ന് മലയാളചിത്രമായിരുന്നു, മാർക്കോണി മത്തായി.
പിറന്നാൾ സ്പെഷ്യലായി താരത്തിൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആരാധകരെ അത്രത്തോളം സ്നേഹിക്കുന്ന പ്രിയതാരത്തിൻ്റെ പിറന്നാൾ വലിയ രീതിയിൽ ആഘോഷിക്കാനൊരുങ്ങുകയാണ് ആരാധകര്. ഇക്കൊല്ലം താരത്തിൻ്റേതായി പുറത്തിറങ്ങാനിരിക്കുന്നത് പത്തിലേറെ സിനിമകളാണ്.
Post Your Comments