ബിഗ് ബോസ് സീസൺ രണ്ടിലെ കാത്തിരുന്ന എപ്പിസോഡുകളിൽ ഒന്നായിരുന്നു ഒൻപതാം ദിനത്തിലേത്. നോമിനേഷൻ പ്രക്രിയ. വീടിനകത്തുള്ളവർ ചിന്തിക്കുന്നതും മത്സരാർഥികളുടെ ഗെയിം പ്ലാനുമെല്ലാം നോമിനേഷനിലൂടെയാണ് മനസിലാക്കാൻ കഴിയുന്നത്. ആദ്യ നോമിനേഷനിലെ വിശേഷങ്ങൾ ഏറെക്കുറെ പ്രേക്ഷകർ പ്രതീക്ഷിച്ചത് തന്നെയായിരുന്നു.
പ്രതീക്ഷിച്ചു വന്ന വീടല്ല താൻ എത്തിപ്പെട്ട ബിഗ് ബോസ് വീടെന്ന തിരിച്ചറിവ് രാജിനി ചാണ്ടിയെ കുറച്ചധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വീട്ടിലേക്കു തിരിച്ചുപോകണമെന്ന ആഗ്രഹം വീട്ടിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട മത്സരാർഥി എലീനയോട് തുറന്നുപറയുകയാണ് രാജിനി.
നോമിനേഷന് മുന്നേ വന്ന ലക്ഷ്വറി ബജറ്റ് ടാസ്ക് മത്സരാർഥികൾ ആവേശത്തോടെ പൂർത്തിയാക്കി. ബിഗ് ബോസ് വീട്ടിൽ ഉറങ്ങിയും നിയമം തെറ്റിച്ചും 500 പോയ്ന്റ്സ് അംഗങ്ങൾ നഷ്ടപെടുത്തിയിരുന്നു. ബാക്കിയുള്ള 1900 പോയിന്റുകൾക്കാണ് ഇഷ്ടസാധനങ്ങൾ വാങ്ങിക്കൂട്ടാനായത്.
കാത്തിരുന്ന എലിമിനേഷൻ പ്രക്രിയ തുടങ്ങി. ആരൊക്കെ ആരെയൊക്കെ പുറത്താക്കാൻ നോക്കും എന്നറിയാനുള്ള സമയം. ബിഗ് ബോസ് വീട്ടിൽ പ്രതീക്ഷയ്ക്കൊത്തു ഉയരാത്തവരെയും സജീവമായി നിൽക്കാത്തവരെയും നോമിനേറ്റ് ചെയ്യാനായിരുന്നു നിർദ്ദേശം. ബിഗ് ബോസ് വീടിനു യോജിച്ചവരല്ല എന്ന് തോന്നുന്നവരെയും നോമിനേഷനിൽ ഉൾപ്പെടുത്താം. രാജിനി ചാണ്ടി തുടങ്ങിവെച്ച നോമിനേഷൻ വീട്ടിലെ ക്യാപ്റ്റൻ സാജു നവോദയ പൂർത്തിയാക്കി.
കൂടുതൽ പേരും സോമദാസ്, രജിത്, രാജിനി, എലീന എന്നിവരുടെ പേരുകളാണ് പറഞ്ഞത്. വീട്ടിലെ പ്രണയജോഡികളാകുമെന്നു പ്രേക്ഷകർ കരുതുന്ന സുജോയും സാന്ദ്രയും യഥാക്രമം മൂന്നും രണ്ടും വോട്ടുകൾ നേടി. തെസ്നി, സുരേഷ്, മഞ്ജു, രേഷ്മ എന്നിവരുടെ പേരുകളും നോമിനേറ്റ് ചെയ്യാൻ ഉയർത്തിയെങ്കിലും ഓരോ വോട്ടുകൾ മാത്രമായിരുന്നതിനാൽ വോട്ടിങ്ങിലേക്കു എത്തിയില്ല. അങ്ങനെ ബിഗ് ബോസ് വീട്ടിലെ ആദ്യ നോമിനേഷനിൽ ഡോ രജിത് കുമാർ, സോമദാസ്, രാജിനി ചാണ്ടി, എലീന പടിക്കൽ, സുജോ മാത്യു, അലക്സാൻഡ്ര ജോൺസൻ എന്നീ പേരുകൾ വോട്ടിങ്ങിലേക്കെത്തി.
Post Your Comments